ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
മുന്‍ ഇന്ത്യന്‍ താരമായിരുന്ന അജയ് ജഡേജയും ഗില്ലിന്റെ പ്രതികരണത്തിനെതിരെ രംഗത്ത് വന്നു.
Shubman gill on Vaibhav Suryavanshi
ആദ്യം ബാറ്റ് ചെയ്ത് 209 റണ്‍സെന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയിട്ടും അനായാസകരമായ വിജയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ സ്വന്തമാക്കിയത്. അതിവേഗ സെഞ്ചുറിയുമായി കളം നിറഞ്ഞ 14 വയസുകാരന്‍ വൈഭവ് സൂര്യവംശിയുടെ അസാമാന്യമായ പ്രകടനമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. വെറും 14 വയസുകാരനായ പയ്യന്‍ അത്ഭുതകരമായ പ്രകടനം നടത്തിയപ്പോള്‍ പക്ഷേ താരത്തെ പൂര്‍ണ്ണമായി പ്രശംസിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുഭ്മാന്‍ ഗില്‍ തയ്യാറായില്ല. മത്സരശേഷം ഗില്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
അവന്റെ ഭാഗ്യദിവസമായിരുന്നു. മത്സരശേഷമുള്ള പ്രസന്റേഷനില്‍ വൈഭവിന്റെ പ്രകടനത്തെ പറ്റിയുള്ള പരാമര്‍ശം ചുരുക്കം വാക്കുകളിലാണ് ഗില്‍ അവസാനിപ്പിച്ചത്. അവന്റെ ഭാഗ്യദിവസമായിരുന്നു. അവന്‍ ആ ദിവസം പൂര്‍ണ്ണമായും തന്നെ ഉപയോഗിച്ചു എന്ന് മാത്രമാണ് 14കാരനെ പറ്റി ഗില്‍ പറഞ്ഞത്. ഇതാണ് ഒരു വിഭാഗം ആരാധകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരമായിരുന്ന അജയ് ജഡേജയും ഗില്ലിന്റെ പ്രതികരണത്തിനെതിരെ രംഗത്ത് വന്നു. ഭാഗ്യം കൊണ്ട് മാത്രം ഇത്രയും ചെറിയ പ്രായത്തില്‍ ലോകോത്തര ബൗളര്‍മാരെ നേരിട്ട് സെഞ്ചുറി നേടാനാവില്ലെന്ന് ജഡേജ വ്യക്തമാക്കി. 14 വയസ്സുകാരന്‍ ഒരാള്‍ തന്റെ കഴിവില്‍ വിശ്വസിച്ച് ലോകത്തിലെ മികച്ച ബൗളര്‍മാരെ തകര്‍ത്തുകളഞ്ഞപ്പോള്‍, അതിനെ 'ഭാഗ്യം' എന്ന് വിളിക്കുന്നത് ശരിയല്ലെന്നാണ് ജഡേജ തുറന്നടിച്ചത്. ഭാഗ്യമല്ല, അവന്റെ യോഗ്യതയാണ് കണ്ടതെന്നും ജഡേജ പറഞ്ഞു.
വൈഭവിന്റെ പ്രകടനത്തിന് പിന്നില്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, വിക്രം റാത്തോര്‍ എന്നിവര്‍ നല്‍കിയ പിന്തുണ വലുതാണ്. സ്ട്രാറ്റജിക് ടൈംഔട്ട് കഴിഞ്ഞ് അവര്‍ ഇവനെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചതാണ് വലിയ കാര്യം. ഇത് ഒരു മാനസികമായുള്ള കളിയാണെന്ന് കൂടെ വൈഭവ് തെളിയിച്ചെന്നും അജയ് ജഡേജ പറഞ്ഞു.