Publish Date: Wed, 10 May 2023 (14:49 IST)
Updated Date: Wed, 10 May 2023 (14:23 IST)
ഐപിഎല്ലിൽ ഇന്നലെ ആർസിബിക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈക്കായി സൂര്യകുമാർ യാദവ് 34 പന്തിൽ നിന്നും 83 റൺസ് നേടിയിരുന്നു. ഈ പ്രകടനമാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്. താൻ വ്യത്യസ്തമായി ഒന്നും ഈ കളിയിൽ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ മാത്രമാണ് കളിച്ചതെന്നും മത്സരശേഷം സൂര്യകുമാർ യാദവ് വിശദമാക്കി.
മത്സരങ്ങളിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് പോലെയാകണം നിങ്ങളുടെ പരിശീലനവും. എൻ്റെ റൺസ് എവിടെയാണെന്ന് എനിക്കറിയാം. ഞങ്ങൾക്ക് ഓപൺ നെറ്റ് സെഷനുകളുണ്ട്. എൻ്റെ കളി എന്താണെന്ന് എനിക്കറിയാം. അതിൽ നിന്നും വ്യത്യസ്തമായി യാതൊന്നും ഞാൻ ചെയ്യാറില്ല. സൂര്യകുമാർ യാദവ് പറഞ്ഞു. ഇന്നലെ നേടിയ വിജയത്തോടെ പോയൻ്റ് പട്ടികയിൽ എട്ടാമതായിരുന്ന മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്തേക്കുയർന്നു.