Tilak Varma retired out: ആളുകള്‍ തോന്നിയതൊക്കെ പറയും; തിലക് വര്‍മയെ മടക്കി വിളിച്ചതില്‍ ഹാര്‍ദിക്
ആര്‍സിബിക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ നാല് സിക്‌സും നാല് ഫോറും സഹിതം 56 റണ്‍സാണ് തിലക് വര്‍മ നേടിയത്
Hardik Pandya and Tilak Varma
Tilak Varma retired out: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ തിലക് വര്‍മയെ റിട്ടയേര്‍ഡ് ഔട്ട് ആക്കി തിരിച്ചുവിളിച്ചതിനെ ന്യായീകരിച്ച് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. വളരെ ആലോചിച്ച ശേഷം ടീം മാനേജ്‌മെന്റ് സ്വീകരിച്ച തീരുമാനമായിരുന്നു അതെന്ന് ഹാര്‍ദിക് പറഞ്ഞു.
ലഖ്‌നൗവിനെതിരായ മത്സരത്തിന്റെ തലേന്ന് പരിശീലനത്തിനിടെ തിലക് വര്‍മയ്ക്കു പരുക്കേറ്റിരുന്നു. അതുകൊണ്ടാണ് തിലകിനെ തിരിച്ചുവിളിച്ച് പുതിയ ബാറ്ററെ പറഞ്ഞുവിടാന്‍ തീരുമാനിച്ചതെന്ന് ഹാര്‍ദിക് പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു ശേഷമാണ് ഹാര്‍ദിക്കിന്റെ വെളിപ്പെടുത്തല്‍.
' കഴിഞ്ഞ കളിയില്‍ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായി. ആളുകള്‍ അതിനെ കുറിച്ച് തോന്നിയതൊക്കെ പറയുന്നു. എന്നാല്‍ ആ മത്സരത്തിന്റെ തലേന്ന് തിലക് വര്‍മയ്ക്ക് പന്തുകൊണ്ട് ഏറ് കിട്ടി പരുക്കേറ്റ കാര്യം അവര്‍ക്കറിയില്ല. അവനെ തിരിച്ചുവിളിച്ചത് ഒരു തന്ത്രമായിരുന്നു. കാരണം ഏറുകൊണ്ട വിരലുമായി തിലക് അവിടെ നില്‍ക്കുന്നതിനേക്കാള്‍ പുതിയ ബാറ്ററെ വിടുന്നതാണ് ഉചിതമെന്ന് പരിശീലകനു തോന്നി,' ഹാര്‍ദിക് പറഞ്ഞു.
ആര്‍സിബിക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ നാല് സിക്‌സും നാല് ഫോറും സഹിതം 56 റണ്‍സാണ് തിലക് വര്‍മ നേടിയത്. എന്നാല്‍ അതിനു മുന്‍പ് ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട തിലകിന് വെറും 25 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തിന്റെ അവസാനത്തിലേക്ക് എത്തിയപ്പോള്‍ മോശം സ്‌ട്രൈക് റേറ്റില്‍ ബാറ്റ് ചെയ്യുകയായിരുന്ന തിലക് വര്‍മയെ മുംബൈ ഇന്ത്യന്‍സ് റിട്ടയേര്‍ഡ് ഔട്ടിലൂടെ തിരിച്ചുവിളിച്ചു. പകരം മിച്ചല്‍ സാന്റ്‌നര്‍ ബാറ്റ് ചെയ്യാനെത്തി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ സമയത്തെല്ലാം ക്രീസില്‍ ഉണ്ടായിരുന്നു.