അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (ജിടി) 33 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ മത്സരഫലത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ലഖ്‌നൗ നായകന്‍ റിഷഭ് പന്ത്. പ്ലേ ഓഫ് യോഗ്യത നേടാനായില്ലെങ്കിലും മികച്ച ക്രിക്കറ്റ് കാഴ്ചവെയ്ക്കാന്‍ ടീമിനായതായി പന്ത് പറഞ്ഞു. തീര്‍ച്ചയായും സന്തോഷമുണ്ട്. ഒരു ടീമെന്ന നിലയില്‍ മികച്ച ക്രിക്കറ്റ് കളിക്കാനാകുമെന്ന് നമ്മള്‍ തെളിയിച്ചു.
ടൂര്‍ണമെന്റില്‍ ഒരു സമയത്ത് പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ, അത് ഗെയിമിന്റെ ഭാഗമാണ്. നാം മെച്ചപ്പെടുത്തേണ്ടതുണ്ട്. ടൂര്‍ണമെന്റിന് മുമ്പ് ഇഞ്ചുറി ആശങ്കകളുണ്ടായിരുന്നു. മിച്ച്, മാര്‍ക്ക്‌റാം, പൂരന്‍ എന്നിവരും മൊത്തം ബാറ്റിംഗ് യൂണിറ്റും നല്ല പ്രകടനം നടത്തി. ഫീല്‍ഡിംഗില്‍ തെറ്റുകള്‍ ഉണ്ടായി. അതില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകും. റിഷഭ് പന്ത് വ്യക്തമാക്കി. അതേസമയം സീസണിലുടനീളമുള്ള തന്റെ മോശം പ്രകടനങ്ങളെ പറ്റി പന്ത് യാതൊന്നും പരാമര്‍ശിച്ചില്ല.
ഗുജറാത്തിനെതിരെ 6 പന്തില്‍ 16 റണ്‍സ് നേടാനായെങ്കിലും ഈ മത്സരത്തിന് മുന്‍പ് ആകെ കളിച്ച 12 മത്സരങ്ങളില്‍ നിന്നും 135 റണ്‍സ് മാത്രമായിരുന്നു പന്ത് നേടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 49 പന്തില്‍ 63 റണ്‍സ് നേടിയതാണ് സീസണില്‍ പന്തിന്റെ മികച്ച പ്രകടനം.