ഐപിഎല്‍ താരലേലത്തിനിടെ ലേലക്കാരന്‍ ഹ്യൂഗ് എഡ്മീഡ്‌സ് ബോധരഹിതനായി വീഴാന്‍ കാരണം പോസ്റ്റുറല്‍ ഹൈപ്പോടെന്‍ഷന്‍. അസാധാരണമായി കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയും അതുവഴി ശരീരം ക്ഷീണിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രക്തസമ്മര്‍ദ്ദം കുറയുന്നതിനാല്‍ ശരീരം ദുര്‍ബലമാകും. അല്‍പ്പനേരത്തേക്ക് ബോധരഹിതരായി തുടരുകയും ചെയ്യും. ഇതാണ് ഹ്യൂഗ് എഡ്മീഡ്‌സിന് സംഭവിച്ചതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ എഡ്മീഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം ലേലം പുനരാരംഭിക്കുക ചാരു ശര്‍മയുടെ നേതൃത്വത്തില്‍ ആയിരിക്കും. എഡ്മീഡ്‌സിന് ഇന്ന് മുഴുവന്‍ വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്‍ മെഗാ താരലേലത്തിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ലേലക്കാരന്‍ ഹ്യൂഗ് എഡ്മീഡ്‌സ് ബോധരഹിതനായി ലേല ഹാളില്‍ വീഴുകയായിരുന്നു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്കായുള്ള ലേലം വിളിയാണ് അപ്പോള്‍ നടന്നിരുന്നത്. 1075 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അവസാനമായി ലേലം വിളിച്ചത്. ആ നിമിഷം വരെ ഹ്യൂഗ് എഡ്മീഡ്‌സിന് യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലായിരുന്നു. വളരെ ഉയര്‍ന്ന സ്വരത്തില്‍ ഊര്‍ജ്ജസ്വലനായി തന്നെയാണ് എഡ്മീഡ്‌സ് ലേലം നയിച്ചിരുന്നത്.
ലേലം പുരോഗമിക്കുന്നതിനിടെ പെട്ടെന്നാണ് എഡ്മീഡ്‌സ് പ്രീച്ചിങ് ടേബിള്‍ അടക്കം മുന്നോട് വീണത്. ഫ്രാഞ്ചൈസികളുടെ ടേബിളില്‍ ഉണ്ടായിരുന്ന എല്ലാവരും തലയില്‍ കൈവച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പലര്‍ക്കും മനസ്സിലായില്ല. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അടക്കമുള്ള പ്രമുഖര്‍ കസേരയില്‍ എഴുന്നേറ്റ് ഓടിവന്നു.
നിലത്തുവീണ എഡ്മീഡ്‌സ് ഏതാനും മിനിറ്റുകള്‍ ഓര്‍മയില്ലാതെ കിടന്നു. പിന്നീട് വൈദ്യസഹായം തേടുകയായിരുന്നു. അല്‍പ്പ നേരത്തിനു ശേഷം ഓര്‍മ തെളിഞ്ഞു.