Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? അപ്പോഴും പ്രശ്‌നം !
ആര്‍സിബിക്കെതിരായ കളിയില്‍ ധോണി ബാറ്റ് ചെയ്തത് ഒന്‍പതാമനായാണ്. ബാറ്റിങ്ങില്‍ ധോണിയേക്കാള്‍ താഴെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഏഴും എട്ടും നമ്പറില്‍ ബാറ്റ് ചെയ്തു
Chennai Super Kings: എം.എസ്.ധോണിക്കു പകരം മറ്റൊരു വിക്കറ്റ് കീപ്പറെ ഉപയോഗിക്കുന്ന കാര്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിഗണനയില്‍. തുടര്‍ച്ചയായി രണ്ട് കളികള്‍ തോറ്റതിനു പിന്നാലെയാണ് ധോണിയെ മാറ്റി നിര്‍ത്തിയുള്ള പ്ലേയിങ് ഇലവന്‍ എങ്ങനെ സാധ്യമാക്കുമെന്ന് മാനേജ്‌മെന്റ് ആലോചിക്കുന്നു.
ആര്‍സിബിക്കെതിരായ കളിയില്‍ ധോണി ബാറ്റ് ചെയ്തത് ഒന്‍പതാമനായാണ്. ബാറ്റിങ്ങില്‍ ധോണിയേക്കാള്‍ താഴെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഏഴും എട്ടും നമ്പറില്‍ ബാറ്റ് ചെയ്തു. രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴാമനായാണ് ധോണി ബാറ്റ് ചെയ്തത്. അധികം നേരം ബാറ്റിങ്ങില്‍ ചെലവഴിക്കാന്‍ ധോണിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചെന്നൈ മാനേജ്മെന്റ് സമ്മതിക്കുന്നു. ധോണിയുടെ കാല്‍മുട്ടുകള്‍ പഴയതുപോലെ അല്ലെന്നും ദീര്‍ഘനേരം പൂര്‍ണ തീവ്രതയില്‍ ബാറ്റ് വീശാന്‍ ധോണിക്കു സാധിക്കില്ലെന്നും ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ് പറഞ്ഞു. ധോണിക്ക് തുടര്‍ച്ചയായി 10 ഓവര്‍ പോലും ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഫ്‌ളമിങ് പറഞ്ഞത്.
പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാന്‍ ധോണിയും സന്നദ്ധനാണെന്നാണ് സൂചന. എന്നാല്‍ ധോണിയെ മാറ്റിയാല്‍ പകരം ആര് എന്ന ചോദ്യമായിരിക്കും ചെന്നൈ മാനേജ്‌മെന്റിന്റെ അടുത്ത തലവേദന. 22 കാരനായ വാന്‍ഷ് ബേദിയാണ് ചെന്നൈ ടീമിലെ ഏക വിക്കറ്റ് കീപ്പര്‍ ബാക്കപ്പ്. അതായത് ഐപിഎല്ലില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത ബേദിയെ ധോണിക്കു പകരം കളിപ്പിക്കുക മാത്രമാണ് പോംവഴി. അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ ചെന്നൈ മാനേജ്‌മെന്റ് തയ്യാറാകുമോ എന്ന ചോദ്യത്തിനു ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.