Select Your Language

Notifications

webdunia
webdunia
webdunia
webdunia

MS Dhoni: വെറുതെ വന്ന് രണ്ട് ഫോറും ഒരു സിക്‌സും അടിക്കാന്‍ ചെന്നൈക്ക് ധോണിയെ വേണോ? എങ്ങനെ മറികടക്കും ഈ 'തല'വേദന

ഈ സീസണില്‍ ചെന്നൈ തോറ്റ രണ്ട് മത്സരങ്ങളിലും ധോണിയുടെ ബാറ്റിങ് വിമര്‍ശിക്കപ്പെട്ടു

MS Dhoni IPL Chennai Super Kings

രേണുക വേണു

, തിങ്കള്‍, 31 മാര്‍ച്ച് 2025 (11:25 IST)
MS Dhoni: 'ദി ഗ്രേറ്റ് ഫിനിഷര്‍' എന്നാണ് ആരാധകര്‍ ഇപ്പോഴും ധോണിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആ പേരിനോടു ഒട്ടും നീതി പുലര്‍ത്താത്ത വിധം ധോണിയുടെ ഫിനിഷിങ് മികവ് നഷ്ടപ്പെട്ടിട്ട് കുറേ നാളുകളായി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതിനു പിന്നാലെ ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 
 
2023 സീസണ്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ചെന്നൈ ജയിച്ച 18 മത്സരങ്ങളില്‍ ധോണി നേടിയിരിക്കുന്നത് വെറും മൂന്ന് റണ്‍സ് മാത്രം. ചെന്നൈ തോറ്റ 14 മത്സരങ്ങളില്‍ 83 ശരാശരിയില്‍ 166 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. അതായത് തോല്‍ക്കുന്ന ഇന്നിങ്‌സുകളിലാണ് ധോണി കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നതും റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2023 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ധോണിയുടെ ഇന്നിങ്‌സുകള്‍ ടീമിന്റെ ജയത്തിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടില്ലെന്ന് സാരം. 
 
ഈ സീസണില്‍ ചെന്നൈ തോറ്റ രണ്ട് മത്സരങ്ങളിലും ധോണിയുടെ ബാറ്റിങ് വിമര്‍ശിക്കപ്പെട്ടു. രാജസ്ഥാനെതിരെ ആറ് റണ്‍സിനു തോറ്റപ്പോള്‍ ധോണിയുടെ സ്‌കോര്‍ 11 പന്തില്‍ 16 റണ്‍സ് മാത്രം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സെടുത്ത് ധോണി പുറത്താകാതെ നിന്നെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല. മാത്രമല്ല തോല്‍വി ഉറപ്പായ ശേഷമാണ് ധോണി ബൗണ്ടറികള്‍ സ്‌കോര്‍ ചെയ്തത്. ക്രീസിലെത്തിയ സമയത്ത് ഫിനിഷര്‍ എന്ന നിലയില്‍ ആക്രമിച്ചു കളിക്കാന്‍ ധോണി ശ്രമിച്ചിരുന്നില്ല. 
 
ആര്‍സിബിക്കെതിരായ കളിയില്‍ ധോണി ബാറ്റ് ചെയ്തത് ഒന്‍പതാമനായാണ്. ബാറ്റിങ്ങില്‍ ധോണിയേക്കാള്‍ താഴെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഏഴും എട്ടും നമ്പറില്‍ ബാറ്റ് ചെയ്തു. രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴാമനായാണ് ധോണി ബാറ്റ് ചെയ്തത്. അധികം നേരം ബാറ്റിങ്ങില്‍ ചെലവഴിക്കാന്‍ ധോണിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചെന്നൈ മാനേജ്‌മെന്റ് സമ്മതിക്കുന്നു. എന്നാല്‍ ധോണിക്ക് പകരം കുറച്ചുകൂടി ഇംപാക്ട് ഉള്ള ഫിനിഷര്‍ പ്ലേയിങ് ഇലവനില്‍ എത്തിയാല്‍ ടീമിനുണ്ടാകാന്‍ സാധ്യതയുള്ള പോസിറ്റീവ് മാറ്റത്തെ കുറിച്ച് മാനേജ്‌മെന്റ് ആലോചിക്കുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കത, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി