Jacob Bethell: 'ബെതേല്‍ ഒരു വെടിക്കെട്ട് ഐറ്റം'; ആര്‍സിബി ചുളിവില്‍ സ്വന്തമാക്കിയ ഇംഗ്ലീഷ് താരം ചില്ലറക്കാരനല്ല !
ലെഫ്റ്റ്-ആം ഓര്‍ത്തഡോക്‌സ് ബൗളറായ ബെതേല്‍ ഇംഗ്ലണ്ടിനായി ആറ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്
Jacob Bethell: ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചുളിവില്‍ സ്വന്തമാക്കിയ ഇംഗ്ലീഷ് താരമാണ് ജേക്കബ് ബെതേല്‍. ബാറ്റിങ്ങില്‍ മധ്യനിരയ്ക്കു മൂര്‍ച്ഛ കൂട്ടാന്‍ ബെതേലിനെ കൊണ്ട് സാധിക്കുമെന്നാണ് ആര്‍സിബി മാനേജ്‌മെന്റ് വിലയിരുത്തുന്നത്. താരലേലത്തില്‍ 1.25 കോടിയായിരുന്നു ബെതേലിന്റെ അടിസ്ഥാന വില. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുമായി മത്സരിച്ച് 2.60 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബെതേലിനെ സ്വന്തമാക്കിയത്.
മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ളതിനൊപ്പം ടീമിനു തകര്‍ച്ചയുണ്ടായാല്‍ ഒരു വശത്ത് നങ്കൂരമിട്ട് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും ബെതേലിനുണ്ട്. കഴിഞ്ഞ മാസമാണ് ബെതേലിനു 21 വയസ് തികഞ്ഞത്. വരുന്ന സീസണില്‍ ക്ലിക്കായാല്‍ തുടര്‍ന്നങ്ങോട്ട് ആര്‍സിബിയുടെ ഭാവി താരമായി ബെതേല്‍ മാറുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ അടുത്ത 'ബിഗ് സ്റ്റാര്‍' എന്നാണ് ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ അടക്കം ബെതേലിനെ വിശേഷിപ്പിക്കുന്നത്.
ബര്‍ബഡോസില്‍ ജനിച്ച ബെതേല്‍ റഗ്ബി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 13-ാം വയസിലാണ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന ട്വന്റി 20 പരമ്പരയിലാണ് ബെതേല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഓസീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ബെതേല്‍ 24 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സ് നേടിയിരുന്നു. ഓസീസ് സ്പിന്നര്‍ ആദം സാംപയുടെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സ് അടിച്ചുകൂട്ടിയ ബെതേല്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി.
ഇടംകൈയന്‍ ബാറ്ററായ ബെതേല്‍ ബൗളിങ്ങിലും മികവ് പുലര്‍ത്തുന്നുണ്ട്. ലെഫ്റ്റ്-ആം ഓര്‍ത്തഡോക്‌സ് ബൗളറായ ബെതേല്‍ ഇംഗ്ലണ്ടിനായി ആറ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങ്ങില്‍ ഏഴ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 27.83 ശരാശരിയില്‍ 167 റണ്‍സും ആറ് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് 167.96 സ്‌ട്രൈക് റേറ്റില്‍ 173 റണ്‍സും ഇംഗ്ലണ്ടിനായി നേടി. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് ജേക്കബ് ബെതേല്‍.