ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാതിരുന്നതോട് കൂടി ചെന്നൈയുടെ ഇന്ത്യന്‍ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോനിക്കെതിരെ വിമര്‍ശനവുമായി മുന്‍ സഹതാരമായ വിരേന്ദര്‍ സെവാഗ്. ധോനി ക്രീസിലെത്തുമ്പോള്‍ ചെന്നൈയ്ക്ക് വിജയിക്കാനായി 25 പന്തില്‍ 54 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ മത്സരത്തിന്റെ അവസാന ഓവറുകളില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. മത്സരത്തിലെ അവസാന ഓവറില്‍ വിജയിക്കാന്‍ 20 റണ്‍സ് എന്ന നിലയില്‍ ആദ്യ പന്തില്‍ തന്നെ ധോനി പുറത്തായതോടെ ചെന്നൈ പ്രതീക്ഷകളെല്ലാം ഇല്ലാതെയായിരുന്നു. മത്സരത്തില്‍ 6 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.
എത്രനല്ല കളിക്കാരനായാലും 20 പന്തില്‍ 40 റണ്‍സ് നേടുക എന്നത് വെല്ലുവിളിയാണെന്നാണ് സെവാഗ് പറയുന്നത്. ഒന്നോ രണ്ടോ അവസരങ്ങളിലെല്ലാം അത് സാധിച്ചേക്കും അക്‌സര്‍ പട്ടേലിനെതിരെ 24-25 റണ്‍സ് ധോനി നേടിയിട്ടുണ്ട്. ഇര്‍ഫാന്‍ പഠാനെതിരെയും ഇത്തരത്തില്‍ അടിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്തെപ്പോഴെങ്കിലും ധോനി അങ്ങനൊരു പ്രകടനം നടത്തിയത് ഓര്‍മയുണ്ടോ?, കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു മത്സരത്തില്‍ പോളും 180 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ചെന്നൈ വിജയിച്ചിട്ടില്ലെന്നും അത് കാണാതിരിക്കാനാവില്ലെന്നും ക്രിക് ബസില്‍ സംസാരിക്കെ സെവാഗ് പറഞ്ഞു. രാജസ്ഥാനെതിരായ മത്സരത്തില്‍ 11 പന്തില്‍ 16 റണ്‍സാണ് ധോനി നേടിയത്.