ഐപിഎല്‍ മെഗാതാരലേലം 2 ദിവസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കെ മിക്ക ഐപിഎല്‍ ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിലെ ബാക്കിയുള്ള സ്ലോട്ടുകള്‍ ഫില്‍ ചെയ്യുന്നതിനുള്ള തിരക്കിലാണ്. താരലേലത്തിന് വമ്പന്‍ പേഴ്‌സുമായെത്തി പുതിയ ടീം തന്നെ സെറ്റ് ചെയ്യാനെത്തുന്ന ടീമുകളും ഇത്തവണ ഐപിഎല്ലിലുണ്ട്. ഇത്തവണ താരലേലത്തില്‍ ഏറ്റവും വില പ്രതീക്ഷിക്കുന്ന താരമാണ് ഓസീസ് ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീന്‍.
ഐപിഎല്‍ താരലേലത്തില്‍ 64.3 കോടി എന്ന വലിയ തുകയുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണയെത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കയ്യില്‍ 43.4 കോടി രൂപയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കയ്യില്‍ 25.5 കോടി രൂപയുമാണുള്ളത്. താരലേലത്തിന് മുന്‍പായി വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസ്സല്‍ എന്നിങ്ങനെ 2 ഓള്‍റൗണ്ടര്‍മാരെ കൊല്‍ക്കത്ത കൈവിട്ടിരുന്നു. ചെന്നൈയ്ക്കും ബാറ്റ് ചെയ്യുന്ന ഒരു ഓള്‍ റൗണ്ടറെ ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ കാമറൂണ്‍ ഗ്രീനിനായി വലിയ ലേലം വിളി തന്നെ നടന്നേക്കും.
മികച്ച ഹിറ്റിംഗ് എബിലിറ്റിയുള്ള പേസ് ബൗളര്‍ എന്ന ആകര്‍ഷകമായ പ്രൊഫൈലാണ് കാമറൂണ്‍ ഗ്രീനിനുള്ളത്. കൊല്‍ക്കത്ത, ചെന്നൈ എന്നീ ടീമുകള്‍ക്ക് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും താരത്തിനായി രംഗത്ത് വന്നേക്കും. 2 ഐപിഎല്‍ സീസണുകളിലായി 153.7 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ 707 റണ്‍സാണ് കാമറൂണ്‍ ഗ്രീന്‍ നേടിയിട്ടുള്ളത്. മിനി താരലേലത്തില്‍ അതിനാല്‍ തന്നെ ഏറ്റവും വില പ്രതീക്ഷിക്കപ്പെടുന്നത് കാമറൂണ്‍ ഗ്രീനിനാണ്.