ഐപിഎല്ലിൽ കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിൽ കയറിയ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. എല്ലാ ഐപിഎല്ലിലും സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച്ചവെക്കുന്ന ടീമിന് എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയിലല്ല. മോശം പ്രകടനം കാഴ്‌ച്ചവെക്കുന്ന ടീം ഇത്തവണ പ്ലേ ഓഫിൽ എത്തുമോ എന്ന് സംശയിക്കുന്നതിൽ ടീമിന്റെ ആരാധകർ കൂടിയുണ്ട്.
ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ഒന്ന് പൊരുതാൻ പോലും തയ്യാറാകാതെ സിഎസ്‌കെ അടിയറവ് പറഞ്ഞതാണ് ആരാധകരെ നിരാശരാക്കിയത്. രാജസ്ഥാനെതിരെയുള്ള മത്സരത്തിലും പ്രതിരോധത്തിലൂന്നിയായിരുന്നു സിഎസ്‌കെയുടെ പ്രകടനം.ഓപ്പണിങ് ജോഡി പോലും വിക്കറ്റുകൾ നഷ്ടമാകാതെ കളിക്കുക എന്ന ലക്ഷ്യത്തിൽ ബാറ്റ് വീശുമ്പോൾ ടീമിന്റെ സ്ഫോടനാത്മകത ഒന്നാകെ നഷ്ടപ്പെടുകയാണ്. അതേസമയം ടീമിൽ ആശ്രയിക്കാവുന്ന ബാറ്റ്സ്മാൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണെന്നതും ചെന്നൈക്ക് തലവേദന സൃഷ്‌ടിക്കുന്നു. ചില മിന്നലാട്ടങ്ങൾ നടത്തിയ സാം കുറൻ പോലും അനുഭവസമ്പത്തുള്ള താരമല്ല.
അതേസമയം അമ്പാട്ടി റായുഡു,സുരേഷ് റെയ്‌ന,ബ്രാവോ എന്നീ പരിചയസമ്പന്നരുടെ അഭാവമാണ് ചെന്നൈ ടീമിനെ വലക്കുന്നത്. റെയ്‌നക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ ടീമിനായിട്ടില്ല.