ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കെഎൽ രാഹുൽ പുറത്തെടുത്തത്. 69 പന്തിൽ നിന്നും 14 ഫോറിന്റെയും 7 സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു രാഹുലിന്റെ 132 റൺസ് നേട്ടം. അതേസമയം മത്സരത്തിൽ രാഹുൽ നൽകിയ 2 അനായാസ അവസരങ്ങൾ ബാംഗ്ലൂർ നായകനായ വിരാട് കോലി വിട്ടുകളഞ്ഞിരുന്നു. സെഞ്ചുറി നേടിയതോടെ രാഹുലിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഹിറ്റ്‌മാൻ രോഹിത് ശർമയുടെ അഭിനന്ദനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
'ക്ലാസിക് സെഞ്ചുറിയായിരുന്നത്. എല്ലാം കരുത്തുറ്റ ഷോട്ടുകള്‍ എന്നായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. എന്നാൽ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെയല്ല ഹിറ്റ്‌മാന്റെ ട്വീറ്റ്. മത്സരത്തിൽ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായ സമയത്താണ് രോഹിത്തിന്റെ ട്വീറ്റ് വന്നത്. ഒരു റണ്‍സ് മാത്രമാണ് മത്സരത്തിൽ കോളി നേടിയത്. ഇതോടെയാണ് ട്വീറ്റ് ആരാധകർക്കിടയിൽ ചർച്ചയായത്. രാഹുലിനെ അഭിനന്ദിക്കുന്നതിൽ പ്രശ്‌നമില്ല എന്നാൽ കോലി പുറത്തായ സമയത്ത് തന്നെ സന്ദേശം വന്നത് കളിയാക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.