കായികപ്രേമികള്‍ വലിയ സങ്കടത്തിലാണ്. വളരെ ആവേശത്തോടെ നടക്കുകയായിരുന്ന ഐപിഎല്‍ 2021 സീസണ്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് ബിസിസിഐ തീരുമാനിച്ചത്. ഈ സീസണിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. 31 മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. എന്നാല്‍, കോവിഡ് വ്യാപനത്തിനിടയില്‍ ഇനിയും സീസണ്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും വിലയിരുത്തിയത്.
ഈ സീസണില്‍ പൂര്‍ത്തിയായ 29 മത്സരങ്ങളില്‍ പല കളികളും ആവേശം അവസാന ബോള്‍ വരെ നീണ്ടു. ക്രിക്കറ്റ് പ്രേമികളെ തൃപ്തിപ്പെടുത്തിയ മികച്ച ഇന്നിങ്‌സുകള്‍ ജനിച്ചു. അതില്‍ തന്നെ ഏറ്റവും മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങള്‍ താഴെ പറയുന്നവയാണ്.
1. 'പൊളിച്ച്' പൊള്ളാര്‍ഡ്
ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരമാണ് ഇത്തവണ ഏറ്റവും ആവേശം നിറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. രണ്ടാമത് ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് തോല്‍വി ഉറപ്പിച്ചിരുന്നു. അപ്പോഴാണ് രക്ഷകനായി കിറോണ്‍ പൊള്ളാര്‍ഡ് എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രീസിലെത്തുന്നത്. പത്താം ഓവറില്‍ പൊള്ളാര്‍ഡ് ക്രീസിലെത്തുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയിരുന്നത് 60 പന്തില്‍ 140 റണ്‍സാണ്. വെറും 17 പന്തില്‍ പൊള്ളാര്‍ഡ് അര്‍ധ സെഞ്ചുറി തികച്ചു. എട്ട് സിക്‌സ് സഹിതം 34 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത് പൊള്ളാര്‍ഡ് വിജയശില്‍പ്പിയായി. അവസാന ഓവറില്‍ 16 റണ്‍സ് നേടിയാണ് മുംബൈ വിജയിച്ചത്.
2. തട്ടുപൊളിപ്പന്‍ സെഞ്ചുറിയുമായി സഞ്ജു
മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ പഞ്ചാബ് കിങ്‌സിനെതിരെ നേടിയ സെഞ്ചുറിയും ശ്രദ്ധ നേടി. 63 പന്തില്‍ 119 റണ്‍സാണ് സഞ്ജു നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന രാജസ്ഥാനെ സഞ്ജു മുന്നില്‍ നിന്നു നയിച്ചു. ആദ്യ 22 പന്തില്‍ നിന്ന് സഞ്ജു 29 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. എന്നാല്‍, പിന്നീടുള്ള 41 പന്തില്‍ നിന്ന് സഞ്ജു അടിച്ചെടുത്തത് 90 റണ്‍സ്!
3. സ്റ്റാറായി ധവാന്‍
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍ നേടിയത് 49 പന്തില്‍ 92 റണ്‍സ്. എട്ട് റണ്‍സ് അകലെയാണ് ധവാന് സെഞ്ചുറി നഷ്ടമായത്. പഞ്ചാബിന്റെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഡല്‍ഹി. വെറും നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഡല്‍ഹി ജയിച്ചു. 31 പന്തില്‍ നിന്നാണ് ധവാന്‍ അര്‍ധ സെഞ്ചുറി നേടിയത്. പിന്നീട് 42 റണ്‍സ് നേടിയത് 18 പന്തില്‍ നിന്നാണ്.
4. ആര്‍സിബിയെ നയിച്ച് ഡിവില്ലിയേഴ്‌സ്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എ.ബി.ഡിവില്ലിയേഴ്‌സ് 42 പന്തില്‍ നിന്ന് പുറത്താകാതെ നേടിയത് 75 റണ്‍സ്. ആര്‍സിബി 60/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു അഞ്ചാമനായി ഡിവില്ലിയേഴ്‌സ് ക്രീസിലെത്തിയത്. വളരെ പതുക്കെയാണ് ഡിവില്ലിയേഴ്‌സ് ഇന്നിങ്‌സ് ആരംഭിച്ചത്. 20 പന്തില്‍ നിന്ന് 21 റണ്‍സാണ് ആദ്യം നേടിയത്. പിന്നീട് 54 റണ്‍സെടുക്കാന്‍ വേണ്ടിവന്നത് 22 പന്തും!
5. പടിക്കലിന്റെ സെഞ്ചുറി
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 52 പന്തില്‍ നിന്നാണ് ആര്‍സിബി താരം ദേവ്ദത്ത് പടിക്കല്‍ 101 റണ്‍സ് നേടിയത്. നായകന്‍ വിരാട് കോലിയും ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഒടുവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആര്‍സിബിക്ക് മികച്ച വിജയവും സ്വന്തമാക്കാന്‍ സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തി 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ആര്‍സിബി. 11 ഫോറും ആറ് സിക്‌സും സഹിതമാണ് പടിക്കല്‍ സെഞ്ചുറി നേടിയത്.