Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇഴഞ്ഞ്' ധോണി; ക്യാപ്റ്റന്റെ മെല്ലെപ്പോക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനും തലവേദന

'ഇഴഞ്ഞ്' ധോണി; ക്യാപ്റ്റന്റെ മെല്ലെപ്പോക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനും തലവേദന
, ചൊവ്വ, 20 ഏപ്രില്‍ 2021 (10:16 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത സീസണില്‍ ചെന്നൈയെ നയിക്കാന്‍ ധോണി ഉണ്ടാകില്ലെന്നാണ് സൂചന. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസിക്ക് ഒരു കിരീടം കൂടി വാങ്ങികൊടുത്ത് കളം വിടാനാകും ധോണി ഇത്തവണ ആഗ്രഹിക്കുന്നത്. ഈ സീസണില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 
 
2020 ലെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിവതും പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, നായകന്‍ എം.എസ്.ധോണി ബാറ്റിങ്ങില്‍ താളം കണ്ടെത്താത്തത് ടീമിന് വലിയ തലവേദനയാകുന്നു. 
 
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണി 18 റണ്‍സെടുത്താണ് പുറത്തായത്. ഇതിനായി നേരിട്ടത് 17 പന്തുകള്‍ ! ബൗണ്ടറികളുടെ കണക്കില്‍ രണ്ട് ഫോര്‍ മാത്രം ! ഭേദപ്പെട്ട ടീം ടോട്ടലില്‍ നില്‍ക്കുമ്പോഴാണ് ധോണിയുടെ ഈ മെല്ലപ്പോക്ക്. രാജസ്ഥാനെതിരായ ഇന്നിങ്‌സിലെ ആദ്യ ആറ് പന്തിലും ധോണി റണ്‍സൊന്നും എടുത്തില്ല എന്നതും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. 105.88 മാത്രമായിരുന്നു ധോണിയുടെ സ്‌ട്രൈക് റേറ്റ്. 
 
2020 ലും ധോണിയുടെ പ്രകടനം വിമര്‍ശിക്കപ്പെട്ടിരുന്നു. അവസാന ഓവറുകളില്‍ ധോണിക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തത് ടീമിന് തലവേദനയാകുന്നു എന്നാണ് കഴിഞ്ഞ സീസണില്‍ ഉയര്‍ന്ന വിമര്‍ശനം. 
 
കഴിഞ്ഞ സീസണില്‍ 116.27 സ്‌ട്രൈക് റേറ്റില്‍ വെറും 200 റണ്‍സ് മാത്രമാണ് 12 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ധോണി നേടിയത്. ധോണിയുടെ അവസാന പത്ത് മത്സരങ്ങള്‍ വിശകലനം ചെയ്താല്‍ കാണുന്നത് മോശം കണക്കുകളാണ്. അവസാന പത്ത് ഐപിഎല്‍ മത്സരങ്ങളില്‍ ധോണി 30 കടന്നത് ഒരിക്കല്‍ മാത്രം. ഇതില്‍ മൂന്ന് തവണ സംപ്യൂജ്യനായി മടങ്ങേണ്ടിവന്നു. ഏഴ് തവണയും 20 ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ധോണിക്ക് സാധിച്ചില്ല. മാത്രമല്ല ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ധോണി നേരിടുന്ന ബോളുകളുടെ എണ്ണം ടീമിനെ പ്രതിസന്ധിയാക്കുന്നു. ധോണിക്ക് ശേഷം വരുന്ന ബാറ്റ്‌സ്മാന്‍മാര്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താകുന്ന അവസ്ഥയാണുണ്ടാകുന്നത്. 
 
തിങ്കളാഴ്ച രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ധോണി ബാറ്റ് ചെയ്ത 13.5 ഓവര്‍ മുതല്‍ 17.1 ഓവര്‍ വരെ 20 പന്തില്‍ ചെന്നൈ ടീം നേടിയത് 22 റണ്‍സ് മാത്രമാണ്. ടീമിന്റെ റണ്‍റേറ്റ് തന്നെ കുറയുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. 
 
ധോണി ഏഴാമത് ബാറ്റ് ചെയ്യാന്‍ എത്തുന്നത് മാറ്റണമെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. നാലാമതോ അഞ്ചാമതോ ആയി ധോണി ഇറങ്ങിയാല്‍ ഇത്രയും സമ്മര്‍ദം ടീമിനുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. ശേഷിക്കുന്ന കളികളില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ധോണിക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീമിൽ കയറുക എന്നത് എളുപ്പമുള്ള കാര്യമല്ല, അവനെ കുറിച്ചോർത്ത് അഭിമാനം: മുംബൈ താരത്തെ പറ്റി മഹേല