പഞ്ചാബ് കിങ്‌സിനെതിരായ വിജയത്തോടെ ആദ്യ തോല്‍വിക്ക് പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറ് വിക്കറ്റിനാണ് ചെന്നൈ വിജയം ഉറപ്പിച്ചത്. പഞ്ചാബിനെതിരായ കളിയില്‍ ചെന്നൈ നായകന്‍ എം.എസ്.ധോണി രണ്ട് അപൂര്‍വ നേട്ടങ്ങളും സ്വന്തമാക്കി.
ഐപിഎല്‍ ടി 20 യില്‍ ഒരു ഇന്നിങ്‌സ് 90 മിനിറ്റില്‍ താഴെ സമയമെടുത്ത് പൂര്‍ത്തിയാക്കിയ ആദ്യ നായകനാണ് ധോണി. പഞ്ചാബിനെതിരായ മത്സരത്തിലാണ് ഈ അപൂര്‍വ നേട്ടം ധോണി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് നേടിയത്. ഈ 20 ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ ചെന്നൈ ടീം ആകെ എടുത്തത് 88 മിനിറ്റ് മാത്രമാണ്. ഇത്ര വേഗത്തില്‍ 20 ഓവര്‍ എറിഞ്ഞുതീര്‍ക്കുന്ന ആദ്യ നായകനാണ് ധോണി.
ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ സ്ലോ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴയൊടുക്കേണ്ടി വന്ന നായകനാണ് ധോണി എന്നതാണ് മറ്റൊരു വൈരുദ്ധ്യം.
വേറൊരു നേട്ടം കൂടി ധോണി ഇന്നലെ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി 200-ാം മത്സരമാണ് ധോണി ഇന്നലെ കളിച്ചത്. 176 ഐപിഎല്‍ മത്സരങ്ങളും ചാംപ്യന്‍സ് ലീഗ് ടി 20 യില്‍ 24 മത്സരങ്ങളും ധോണി കളിച്ചിട്ടുണ്ട്. മൂന്ന് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീട നേട്ടത്തിലെത്തിച്ച നായകനാണ് ധോണി. 40.63 ശരാശരിയില്‍ 4,632 റണ്‍സാണ് ഐപിഎല്ലില്‍ ധോണി ഇതുവരെ നേടിയിരിക്കുന്നത്. ഇതില്‍ 4,058 റണ്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ്.