തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ട രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെതിരെ വിമർശനവുമായി ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ബാറ്റിങിൽ സഞ്ജു പിന്തുടരുന്ന മനോഭാവമാണ് ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു പുറത്തുപോകാനുണ്ടായ കാരണമെന്നും ഗവാസ്‌കർ പറഞ്ഞു.
ഒരു നായകൻ എന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവിനാകണം. ആദ്യ മത്സരത്തിൽ അവനത് സാധിച്ചു. ഒരു കളിയിൽ റൺസ് കണ്ടെത്തിയാൽ പിന്നീട് വരുന്ന മത്സരങ്ങളിൽ നല്ല സ്കോർ കണ്ടെത്തിയ ഇന്നിങ്സിന്റെ തുടർച്ച എന്ന പോലെ ബാറ്റ് ചെയ്യാനാണ് സഞ്ജു ശ്രമിക്കുക. അവന്റെ ഈ ശീലമാണ് ഇന്ത്യൻ ടീമിൽ ഇടം കിട്ടാതിരിക്കാനും കാരണം ഗവാസ്‌കർ പറഞ്ഞു.
രാജസ്ഥാൻ ടോപ് ഓർഡറിലെ നിർണായക താരം എന്ന നിലയിൽ സഞ്ജുവിനെ ടീം ഏറെ ആശ്രയിക്കുന്നുണ്ടെന്നും എന്നാൽ അതിനെ സാധൂകരിക്കുന്ന സമീപനമല്ല താരത്തിൽ നിന്നുണ്ടാകുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.