വയര്‍ലസ് ഫൈഡലിറ്റി (വൈ-ഫൈ)ഇനി മറന്നു തുടങ്ങിക്കൊള്ളു എന്നു പറഞ്ഞാല്‍ ആരും ഒന്നു നോക്കിയേക്കാം. വളരെ വേഗത്തില്‍ നെറ്റില്‍ പാഞ്ഞുനടക്കാന്‍ വൈ-ഫൈ ഇല്ലാതെന്താഘോഷം എന്നു ശീലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ നെറ്റി ചുളിച്ച് തുറിച്ചു നോക്കുക കൂടി ചെയ്തേക്കാം.
‘വൈ-ഫൈ അല്ലാത്ത മറ്റെന്തു ഫൈ ആണ് ഹെ‘ എന്നു ചോദിക്കാന്‍ വരട്ടെ. സംഗതിയെ ചുരുക്കത്തില്‍ ലൈ ഫൈ എന്ന് സംബോധന ചെയ്യാം. എന്താണീ ലൈ ഫൈ? പ്രകാശത്തിലൂടെയുള്ള വിവര വിനിമയമാണ് ലൈ ഫൈയിലൂടെ ഉദ്ദേശിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയമാണ് പുതിയ ലൈ-ഫൈ എന്ന പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുക എന്നതാണ് പരീക്ഷണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വരും വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായേക്കാവുന്ന ഡാറ്റാ വിപ്ലവം കൈകാര്യം ചെയ്യുന്നതിന് അതിവേഗ നെറ്റ്‌വര്‍ക്കുകള്‍ വേണ്ടി വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. തുടര്‍ന്നാണ് ഫിലിപ്സ് ലൈറ്റനിങ്ങ് കമ്പനി, മദ്രാസ് ഐ.ഐ.ടി എന്നിവരുമായി ചേര്‍ന്ന് ഇ.ആര്‍.എന്‍ ഇ ടി ലൈ-ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചത്.
രാജ്യത്ത് നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജി.ബി ഡാറ്റ കൈമാറാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എങ്കിലും ലൈ-ഫൈ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ സെക്കന്റില്‍ 20 ജി.ബി വരെയുള്ള ഡാറ്റകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.