ഷവോമിക്ക് കടുത്ത മത്സരം തീർക്കാൻ റിയൽമിയുടെ സ്മാർട്ട് ടിവികൾ ഉടൻ വിപണിയിലെത്തും. റിയമി ഇന്ത്യ മേധാവി മാധവ് സേത്ത് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മാസം ബാർസലോണയിൽ നടക്കാനിരുന്ന മൊബൈൽ വേൾഡ് കോൺഫറൻസിൽ സ്മാർട്ട് ടിവിയെ അവതരിപ്പിക്കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്, എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
2020 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ അതായത് ഏപ്രിലിനും ജൂണിനുമിടയിൽ റിയൽമി സ്മാർട്ട് ടിവികൾ വിപണിയിലെത്തും എന്നാണ് മാധവ് സേത്ത് വ്യക്തമാക്കിയിരിക്കുന്നത്. റിയൽമിയുടെ സ്മാർട്ട് ടിവികളെ കുറിച്ചൂള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാൽ ഷവോമിയെക്കാൾ കുറഞ്ഞ വിലയിലായിരിക്കും റിയൽമി സ്മാർട്ട് ടിവികൾ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. റിയൽമി പുതുതായി പുറത്തിറക്കിയ ലിങ്ക് ആപ്പ് ഉപയോഗിച്ച് സ്മാർട്ട് ടിവികൾ നിയന്ത്രിക്കാനകും. ഷവോമിയുടെ ഹോം ആപ്പിന് സമാനമാണ് റിയൽമിയുടെ ലിങ്ക് ആപ്പ്.