ചെന്നൈ : പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ക്ഷന്‍ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന് 100 എം.ബി.പി. എസ് വേഗമുണ്ടാകുമെന്നാണ് നിലവിലെ സൂചന. സംസ്ഥാന വിവരസാങ്കേതിക വകുപ്പു മന്ത്രി പളനി വേല്‍ ത്യാഗരാജന്‍ വെളിപ്പെടുത്തിയതാണിത്.
ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് ഉടനീളം ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിന്റെ നടത്തിപ്പു ചുമതല സംസ്ഥാന ഫൈബര്‍ നെറ്റ് കോര്‍പ്പറേഷനാണ്.
പദ്ധതിയുടെ വിജയത്തിനായി 57500 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച് 12525 ഗ്രാമങ്ങളെ ബന്ധിപ്പിക്കും. ഇനമായി ബന്ധപ്പെട്ട 93 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി നിലവില്‍ 1639 ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനായി കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടേതു പോലുള്ള ഫ്രാഞ്ചൈസി മാതൃകകളും രൂപീകരിക്കും.