ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. ജനുവരി 19 മുതല്‍ യു എസ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക് നീക്കം ചെയ്യപ്പെടും. 19നകം ബൈറ്റ്ഡാന്‍സ് കമ്പനിയുടെ യുഎസിലെ മുഴുവന്‍ ആസ്തിയും വിറ്റൊഴിയണമെന്ന ജോബൈഡന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ആസ്തി വിറ്റില്ലെങ്കില്‍ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് വെള്ളിയാഴ്ചയാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. നിരോധനം നിലവില്‍ വരുന്നതോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കില്ല. ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെങ്കില്‍ അത് അമേരിക്കന്‍ ഉടമസ്ഥതയില്‍ ആയിരിക്കണമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി ജീന്‍ പിയറി പറഞ്ഞു. ട്രംപ് സര്‍ക്കാറാണ് നിയമം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കില്‍ ഇക്കാര്യം ടിക്ടോക് അധികൃതര്‍ നിഷേധിച്ചിരുന്നു.