യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപഭോക്താക്കൾക്ക് ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നത് പണ്ട് കണ്ട വീഡിയോകൾ തന്നെ ഫീഡിൽ വരുന്നതാണ്. ഒരു ദിവസത്തിന്റെ പല സമയത്ത് തുറന്ന് നോക്കുമ്പോഴും ഒരേ വീഡീയോകളാകും ഫീഡിൽ കാണുക. എന്നാൽ കണ്ട കണ്ടന്റുകൾ പിന്നെയും കാണുന്നതൊഴിവാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
മൊബൈൽ, ഡെസ്ക്ടോപ്പ്, ടിവി എന്നിങ്ങനെ ഏത് മാധ്യമത്തിലൂടെയും യൂട്യൂബ് വിഡിയോകൾ കണ്ടാലും കമ്പനിയുടെ ന്യൂ റ്റു യു ഫീച്ചർ ഉപയോഗപ്പെടുത്താം. പുതിയതും ക്രിയാത്മകവുമായി തത്സമയമായി ട്രെൻഡ് ചെയ്യുന്ന വീഡീയോകൾ ഈ ഫീച്ചറിലൂടെ ഉപഭോക്താവിലെത്തും. ഒരു യൂട്യൂബ് ഉപഭോക്താവ് മുൻപ് കണ്ട വീഡിയോകളെ അടിസ്ഥാനമാക്കിയാണ്, യൂട്യൂബ് ന്യൂ റ്റു യു ഫീച്ചർ പുത്തൻ വിഡിയോകൾ പ്രദർശിപ്പിക്കുക.
യൂട്യൂബിന്റെ അഡ്രസ് ബാറിൽ തന്നെ 'ന്യൂ റ്റു യു' ഫീച്ചർ നിങ്ങൾക്ക് കണ്ടെത്താനാവും. അഥവാ കണ്ടെത്തിയില്ലെങ്കിൽ ഹോം പേജ് റിഫ്രഷ് ചെയ്‌താൽ ഇത് ലഭിക്കും. മൊബൈൽ ആപ്പിലും സേവനം ലഭിക്കും.