സംസ്ഥാനത്ത് ഇന്ന് 12 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 52

ശനി, 21 മാര്‍ച്ച് 2020 (18:58 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരും എറണാകുളത്തും മൂന്നുപേർക്ക് വീതവും, കാസർഗോഡ് ആറുപേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും ഗൾഫിൽനിന്നും വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. 
 
49 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. മൂന്നുപേർ നേരത്തെ രോഗം ഭേതപ്പെട്ട് ആശുപത്രി വിട്ടവരാണ്. സംസ്ഥാനത്താകെ 53,013 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 228 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലാണ്. അതേസമയം രാജ്യത്ത് കോവിഡ് ബധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകൾക്കുള്ള മാർഗ നിർദേശങ്ങൾ ഐസിഎംആർ കൂടുതൽ കർക്കശമാക്കി. 
 
ശ്വാസതടസം, പനി, ചുമ എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാനാണ് ഐസിഎംആറിന്റെ  നിർദേശം. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ഹൈറിസ്ക് പട്ടികയിൽപ്പെട്ടവരെയും ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല എങ്കിൽകൂടി പരിശോധനയ്ക്ക് വിധേയരാക്കാനും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാസർഗോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തി, യാത്രകളിൽ ആകെ ദുരൂഹത, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വെല്ലുവിളി