പൊലീസ് അനാവശ്യമായി പിഴ ചുമത്തിയതിനെതിരെ പ്രതിഷേധിച്ച ഗൗരി നന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍. ബാങ്കിനു മുന്നില്‍ ക്യൂ നിന്ന ഷിഹാബുദീന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പിഴ ചുമത്തിയപ്പോഴാണ് 18 കാരി ഗൗരി നന്ദ പ്രതിഷേധിച്ചത്. പൊലീസിനെതിരെ ഗൗരി നന്ദ സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തിനാണ് ഷിഹാബുദീന് അനാവശ്യമായി പിഴ ചുമത്തിയതെന്ന് ഗൗരി നന്ദ പൊലീസിനോട് ചോദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ ഗൗരി നന്ദയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ എല്ലാ പിന്തുണയും ഗൗരിനന്ദയ്ക്ക് ഉണ്ടാകുമെന്ന് ഷിഹാബുദീന്‍ പറഞ്ഞത്. എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ തയ്യാറാണെന്ന് ഷിഹാബുദീന്‍ ഗൗരി നന്ദയോട് പറഞ്ഞു.
ചടയമംഗലം ജങ്ഷനിലുള്ള ഇന്ത്യന്‍ ബാങ്കില്‍ നിന്ന് പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം.ഷിഹാബുദീന്‍, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപയാണ് പെറ്റി ചുമത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എന്തിനാണ് ഷിഹാബുദീനെതിരെ പിഴ ചുമത്തിയതെന്നും അവിട നില്‍ക്കുകയായിരുന്ന ഗൗരി നന്ദ പൊലീസിനോട് ചോദിച്ചു. ഇതാണ് പിന്നീട് വലിയ തര്‍ക്കമായത്.