ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. അധ്യാപക സംഘടനകളുടെ എതിര്‍പ്പിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനത്തിൽ നിന്നും പിന്‍മാറിയത്. ഈ വര്‍ഷം 12 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിവസമാക്കാനാണ് ധാരണയായത്. ഈ വര്‍ഷം ഇതോടെ 204 അധ്യയനദിവസങ്ങളാകും ഉണ്ടാകുക.
വിദ്യാഭ്യാസ അവകാശനിയമവും കെ ഇ ആറും അനുസരിച്ച് വര്‍ഷം 220 പ്രവൃത്തിദിവസങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ പ്രവൃത്തിദിവസങ്ങള്‍ ആഴ്ചയില്‍ 5 ദിവസത്തില്‍ അധികമാകരുതെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞതവണ 202 പ്രവൃത്തിദിവസങ്ങള്‍ നിശ്ചയിച്ചിരുന്നു എന്നാല്‍ മഴ അടക്കമുള്ള കാരണങ്ങളാല്‍ 199 പ്രവൃത്തിദിവസങ്ങളാണ് ലഭിച്ചത്. ഇത്തവണ അധ്യാപക സംഘടനകളുടെ അഭിപ്രായങ്ങള്‍ മാനിച്ച് 6 പ്രവൃത്തിദിവസങ്ങള്‍ ഒന്നിച്ച് വരുന്ന ശനിയാഴ്ച ക്ലാസ് വേണ്ടെന്ന തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് കൈകൊണ്ടത്.