കുവൈറ്റിലെ ബാങ്കിന്റെ ശതകോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം. ഗള്‍ഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തതെന്നാണ് നിഗമനം. ബാങ്കില്‍ നിന്നും ലോണ്‍ നേടിയതിന് ശേഷം ലോണ്‍ വാങ്ങിയവര്‍ രാജ്യം വിട്ടതായാണ് ആരോപണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലിചെയ്തിരുന്ന 700 ഓളം പേര്‍ക്കെതിരെയും കുറ്റം ആരോപിക്കപ്പെടുന്നുണ്ട്. 50 ലക്ഷം മുതല്‍ 2 കോടി വരെയാണ് പലരും ബാങ്കില്‍ നിന്നും ലോണ്‍ വാങ്ങിയിരുന്നത്.
ലോണ്‍ വാങ്ങിയ ശേഷം പലരും മറ്റ് രാജ്യങ്ങളിലേക്ക് മാറി. സംഭവത്തില്‍ കേരളത്തില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഡിജിപിയെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തിയത്.
2020-22 കാലത്താണ് ബാങ്കില്‍ ഈ താട്ടിപ്പ് തുടങ്ങിയത്. ആദ്യം ലോണെടുത്ത് കൃത്യം തുക മടക്കി നല്‍കുകയായിരുന്നു. പിന്നീട് 2 കോടി വരെ കടമെടുത്ത് ഇവര്‍ കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമെരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെയാണ് സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരില്‍ കുറച്ചേറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി പോലീസിലെ ഉന്നതരെ കണ്ടത്.
ആദ്യം തട്ടിപ്പ് നടത്തിയവര്‍ പഴുത് മനസിലാക്കി കൂടുതല്‍ മലയാളികളെ അറിയിച്ചതായാണ് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.