വീട് വൃത്തിയാക്കുന്നതിനിടെ ഏഴാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു
സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചു, ഷോക്കേറ്റ് ഏഴാം ക്ലാസുകാരൻ മരിച്ചു
കോട്ടയ്ക്കലില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഏഴാം ക്ലാസുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ കുഴിപ്പുറം മുണ്ടോത്ത് പറമ്പ സ്വദേശി ചക്കരത്തൊടി ഹമീദ് മാസ്റ്ററുടെ മകന്‍ സിനാന്‍ (12) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
രാവിലെ പിതാവിന്റെയും ജ്യേഷ്ടന്റെയും കൂടെ അടുക്കളയുടെ പുകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെ സമീപത്തിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിന് വൈദ്യുതിഘാതമേറ്റു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന പിതാവും സിനാനും ഫാരിസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിനാന് വൈദ്യുത ഘാതമേറ്റ് ജീവന്‍പൊലിഞ്ഞത്.
നിലവിളി കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിക്കൂടുകയായിരുന്നു. പിന്നീടാണ് നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് ഹമീദിനും സിനാന്റെ ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിനും (19) സാരമായ പരിക്ക് പറ്റി. പുത്തൂര്‍ പീസ് സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സിനാന്.