മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു.
മുംബൈയില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും ഉന്നതനായ നേതാവായിരുന്നു ഗുരുദാസ് കാമത്ത്. അദ്ദേഹം മുംബൈ പി സി സി അധ്യക്ഷനുമായിരുന്നു.
രണ്ടാം യു പി എ സര്‍ക്കാരില്‍ ഗുരുദാസ് കാമത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു. മറ്റ് സുപ്രധാന വകുപ്പുകളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്. എ ഐ സി സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗമായും പ്രവര്‍ത്തിച്ചു.
പലതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുരുദാസ് കാമത്ത് ലോക്സഭയില്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള അംഗമായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഗുരുദാസ് കാമത്ത് എന്‍ എസ് യു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.