ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ആടിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യത്തിനിടെയാണ് നടന്റെ പ്രതികരണം.
ആട് സിനിമയിലെ ഡയലോഗിനോട് സാമ്യപ്പെടുത്തിയായിരുന്നു ജയസൂര്യയുടെ വാക്കുകൾ. 'ആട് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാൽ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നു പറഞ്ഞ പോലെ ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും. അതുപോലെയാണ് കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വലിയൊരു ഇന്ത്യ- പാകിസ്ഥാൻ സംഘർഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. തീർച്ചയായും അതൊക്കെ ഉടൻ തന്നെ പരിഹരിക്കപ്പെടാൻ നമുക്കും പ്രാർഥിക്കാം', ജയസൂര്യ പറഞ്ഞു.
എൻ്റെ രാഷ്ട്രം, എൻ്റെ സൈന്യം, എൻ്റെ അഭിമാനം."ഭീകരതയ്ക്ക് എതിരെ, മാനവികതയ്ക്കൊപ്പം"ജയ്ഹിന്ദ്- എന്നാണ് ഇന്നലെ ഓപ്പറേഷൻ സിന്ദൂറിന്റെ കാർഡിനൊപ്പം ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി പ്രേക്ഷകരിലേക്കെത്താനുള്ള ചിത്രം. ആട് 3 യുടെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.