പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ ആക്രമണം ശക്തമാക്കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്ആക്രമണ ശ്രമം ഇന്നലെ നടത്തിയിരുന്നു. ഡ്രോണുകളും മിസലുകളും ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. ഇതിന് മറുപടിയായി പാക് പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തുകളഞ്ഞു. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണനീക്കം പാകിസ്ഥാന്‍ നടത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം വലിയ ആശങ്കയിലാണ്. പാകിസ്ഥാനുമായി 1037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍ നിലവില്‍ അതീവ ജാഗ്രതയിലാണ്. ഇതോടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.