Publish Date: Tue, 12 Jan 2021 (10:41 IST)
Updated Date: Tue, 12 Jan 2021 (10:47 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നോട് ഇതുവരെ ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്നും അതേസമയം ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ നൂറു ശതമാനം തയ്യാറാണെന്നും നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വം എപ്പോള്‍ തന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കലാകാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്തുപേരില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ താനും സുരേഷ് ഗോപിയും മാത്രം എന്തുകൊണ്ട് ട്രോളുകള്‍ക്കു വിധേയമാകുന്നുവെന്നും മമ്മൂട്ടിയെ എന്നുകൊണ്ടാണ് വിമര്‍ശിക്കാത്തതെന്നും കൃഷ്ണകുമാര്‍ നേരത്തേ ചോദിച്ചിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ലെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ഗോപിയും കൃഷ്ണകുമാറും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ഞായറാഴ്ച രാത്രി കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഉടന്‍ കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ഇയാളെ പിടുകൂടുകയായിരുന്നു.