ശ്രീലങ്കൻ സ്വദേശിയായ 47കാരി ശബരിമല ദർശനം നടത്തി, സ്ഥിരീകരണവുമായി പൊലീസ്; ദൃശ്യങ്ങൾ പുറത്ത്
ശ്രീലങ്കൻ സ്വദേശിയായ 47കാരി ശബരിമല ദർശനം നടത്തി, സ്ഥിരീകരണവുമായി പൊലീസ്; ദൃശ്യങ്ങൾ പുറത്ത്
സുപ്രീം കോടതി വിധി പ്രകാരം കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ ശബരിമല ദർശനം നടത്തിയതിനെത്തുടർന്ന് സംസ്ഥാനമാകെ അക്രമം പടരുകയാണ്. എന്നാൽ അതിന് പിന്നാലെ തന്നെ ഒരു ശ്രീലങ്കൻ യുവതി കൂടി ദർശനം നടത്തി മടങ്ങി.
ശ്രീലങ്കൻ സ്വദേശിയായ ശശികല ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിവരം ഔദ്യോഗികമായി പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദർശനം നടത്തി മടങ്ങിയത്.
ഭർത്താവുൾപ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദർശനത്തിനെത്തിയത്. കൈരളി പീപ്പിൾ ചാനലാണ് ശശികല ദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ശശികലയുടെ ഭർത്താവും മകനും ഗുരുസ്വാമിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സന്നിധാനത്തെ പത്തൊമ്പതാം നമ്പർ സിസിടിവി കാമറയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ശശികല ദർശനം നടത്തുമ്പോൾ തീർഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. എന്നാൽ താൻ ദർശനം നടത്തിയിട്ടില്ലെന്നായിരുന്നു ആദ്യം ശശികല മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സംഘപരിവാർ സംഘടനകളുടെ അക്രമം ഭയന്നാവാം ഇവർ ഇങ്ങനെ പറഞ്ഞതെന്നും സൂചനകളുണ്ട്.