ആലപ്പുഴ: വീട്ടമ്മ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴേ മുക്കാല്‍ പവന്റെ സ്വര്‍ണ്ണാഭരണം കാണാതായപ്പോള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടിയ കള്ളനെ കണ്ട് വീട്ടമ്മ ഞെട്ടി - മോഷ്ടാവ് മറ്റാരും ആയിരുന്നില്ല - വീട്ടമ്മയുടെ ഭര്‍ത്താവായിരുന്നു കള്ളന്‍ എന്നതു തന്നെ. ആലപ്പുഴ നഗരസഭയിലെ വട്ടപ്പള്ളി ജമീല പുരയിടത്തില്‍ ഷെഫീഖിന്റെ ഭാര്യ ഷംന അലമാരയില്‍ വച്ചിരുന്ന ഏഴേ മുക്കാല്‍ പവന്റെ സ്വര്‍ണം കാണാനില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ സൗത്ത് പോലീസില്‍ പരാതി നല്‍കി.
ഉടന്‍ തന്നെ പൊലീസ് എത്തി അന്വേണം തുടങ്ങി. വീടിന്റെ വാതിലോ ജന്നലോ അലമാരിയോ ബലം പ്രയോഗിച്ച് തുറന്നതായും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സാഹചര്യ തെളിവുകള്‍ വച്ച് പോലീസ് ഷംനയുടെ ഭര്‍ത്താവ് വെഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ സ്വര്‍ണ്ണം മോഷ്ടിച്ചത് ഷെഫീഖാണെന്നു കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണ്ണം നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി അകന്നു കഴിയുകയാണെന്നും ഇടയ്ക്കിടയ്ക്ക് ഷെഫീഖ് ഷംനയുടെ വീട്ടില്‍ വരാറുണ്ടെന്നും കണ്ടെത്തി. ഷംന ഹരിതകമ്മ സേന ജോലിക്ക് പോയിരുന്നപ്പോള്‍ വീട് പൂട്ടിയിരുന്നില്ല. ഈ തക്കത്തിനായിരുന്നു ഷെഫീഖ് എത്തി ' സ്വര്‍ണ്ണം കവര്‍ന്നത്. സ്വര്‍ണ്ണം കവര്‍ച്ച നടന്ന വിവരം അറിഞ്ഞ് അന്വേഷിക്കാന്‍ പോലീസിനൊപ്പം ഷെഫീഖും ഉണ്ടായിരുന്നു. സംശയം തോന്നി ഷെഫീഖിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോള്‍ ലോണ്‍ അടച്ച മെസേജ് കണ്ടെത്തി. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് ഷെഫീഖ് കുറ്റം സമ്മതിച്ചത്. ഓണ്‍ലൈന്‍ മത്സ്യവ്യാപാരിയാണ് ഷെഫീഖ് .