സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ സ്വയം വിമര്‍ശനം നടത്തി പാര്‍ട്ടി. പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാകുന്നത് കാണാതിരുന്നുകൂടെന്നും അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക്, ആരോപണങ്ങള്‍ ഏറ്റെടുക്കുന്നതിലെ പരാജയം എന്നിവയെല്ലാം ചര്‍ച്ചയായി.
ദേശീയ സമ്മേളനത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടി തിരുത്തല്‍ ക്യാമ്പയിന്‍ ആരംഭിക്കും. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനായി അടുത്ത വര്‍ഷം അംഗത്വം പുതുക്കുന്നതിനുള്ള 5 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. അഴിമതി, അനഭിലഷണീയമായ നടപടികള്‍ എന്നിവ സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തിരുത്തല്‍ പക്രിയ ആരംഭിക്കാനും തീരുമാനമായി.
കേന്ദ്രനേതൃത്വം താഴെതട്ടിലുള്ള നേതാക്കളുമായ ബന്ധം അവഗണിക്കുകയാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ കേന്ദ്ര നേതാക്കളെത്തുമ്പോള്‍ അവര്‍ ചടങ്ങുകളില്‍ പങ്കെടുക്കുക മാത്രമല്ല പ്രാദേശിക നേതാക്കളെ കാണുകയും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ഭൂസമരങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ബഹുജന പ്രക്ഷോഭങ്ങളൊന്നും പാര്‍ട്ടി നടത്തിയിട്ടില്ല. ഇത് അംഗത്വത്തില്‍ പ്രതിഫലിക്കുന്നുവെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.