അമ്പൂരി കൊലപാതകം: രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ; കൊല നടത്തിയത് കാറിൽ വെച്ചെന്ന് കുറ്റസമ്മതം
ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
അമ്പൂരി കൊലപാതകത്തിൽ രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അഖിലിന്റെ സഹോദരനാണ് രാഹുൽ. അതേസമയം, അഖിലിനെ കണ്ടെത്താൻ പൊഴിയൂർ എസ്‌ഐ പ്രസാദിന്റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സംഘം ഡൽഹിക്ക് തിരിച്ചു. സംഭവശേഷം അഖിൽ മിലിറ്ററി ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച താലിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഇക്കൗര്യം വ്യക്തമാക്കിയിരുന്നു.
ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ബന്ധു ആദർശും ചേർന്നാണ്. ആദർശിനെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.