ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകരെയും സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു.
ഓണറേറിയം കൂട്ടി നല്‍കാന്‍ തയ്യാറായ തദ്ദേശസ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21ന് ആദരമര്‍പ്പിക്കുമെന്ന് ആശസമര സമിതി. ആശാ സമരം 64ാം ദിവസം കടന്നപ്പോഴാണ് പുതിയ തീരുമാനവുമായി സമരസമിതി രംഗത്ത് വരുന്നത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകരെയും സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം കഴിഞ്ഞദിവസം സംഘടിപ്പിച്ചിരുന്നു.
പൗര സംഗമത്തില്‍ പങ്കെടുത്തവര്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. നിരാഹാര സമരം ഇന്ന് 26ാം ദിവസമാണ് നടന്നത്. തൊഴില്‍ മന്ത്രിയുമായി സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അതേശമയം സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ രംഗത്തുവന്നു. സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണം ആശമാരാണെന്നും അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ത്ഥികളാണോ ആശാവര്‍ക്കര്‍മാരെന്ന് അദ്ദേഹം ചോദിച്ചു.
ചെറിയ വര്‍ദ്ധനവ് എങ്കിലും അനുവദിച്ച് എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലായെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയന്‍ സമരം ചെയ്യുന്ന ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ഭരണവും സമരവും എന്നായിരുന്നു ഇ എം എസ് മുന്നോട്ടുവച്ച മുദ്രാവാക്യമെന്നും അധികാരം ആ മുദ്രാവാക്യത്തെ നിശബ്ദമാക്കി എന്നും സര്‍ക്കാരിന്റേത് കോപ്പറേറ്റീവ് സിഇഓമാരുടെ സ്വരമെന്നും അദ്ദേഹം പറഞ്ഞു.