Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പി.പി.ഇ. കിറ്റ് ഇല്ലായിരുന്നെങ്കിലും ഞങ്ങളത് ചെയ്യും, കൂടിപ്പോയാല്‍ കോവിഡ് വരും'; കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച അശ്വിനും രേഖയും സംസാരിക്കുന്നു

'പി.പി.ഇ. കിറ്റ് ഇല്ലായിരുന്നെങ്കിലും ഞങ്ങളത് ചെയ്യും, കൂടിപ്പോയാല്‍ കോവിഡ് വരും'; കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച അശ്വിനും രേഖയും സംസാരിക്കുന്നു
, ശനി, 8 മെയ് 2021 (08:46 IST)
പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ (ഡി.സി.സി) ഭക്ഷണം എത്തിക്കാന്‍ വന്നതാണ് അശ്വിന്‍ കുഞ്ഞുമോനും രേഖയും. ഇരുവരും എത്തിയ സമയത്താണ് മുകളിലെ നിലയില്‍ ഒരു കോവിഡ് രോഗി ശ്വാസംമുട്ടല്‍ മൂലം ബുദ്ധിമുട്ടുന്നതായി അറിഞ്ഞത്. അശ്വിനും രേഖയും മുകളിലേക്ക് പോയി. ഇരുവരുടെയും അവസരോചിതമായ ഇടപെടല്‍ 37 കാരന്റെ ജീവന്‍ രക്ഷിച്ചു. 
 
പി.പി.ഇ. കിറ്റ് ധരിച്ചാണ് അശ്വിനും രേഖയും ഭക്ഷണം നല്‍കാനെത്തിയത്. എന്നാല്‍, ഇങ്ങനെയൊരു സമയത്ത് പി.പി.ഇ. കിറ്റ് ഇല്ലെങ്കിലും തങ്ങള്‍ ആ രോഗിയെ ആശുപത്രിയില്‍ എത്തിക്കുമെന്ന് അശ്വിന്‍ പറയുന്നു. 'പി.പി.ഇ. കിറ്റ് ഇല്ലെങ്കിലും ഒരാള്‍ ജീവനുവേണ്ടി കേഴുന്ന സമയത്ത് നമ്മള്‍ ഇതല്ലേ ചെയ്യൂ. കൂടിപോയാല്‍ കോവിഡ് വരും, അല്ലെങ്കില്‍ കുറച്ച് ദിവസം ക്വാറന്റൈനില്‍ ഇരിക്കേണ്ടിവരും. അതിനേക്കാള്‍ വില ഒരു ജീവനില്ലേ,' അശ്വിന്‍ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. 
 
'ശ്വാസം എടുക്കാന്‍ ഈ രോഗി വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മുകളിലെ നിലയില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഞാനും രേഖയും മാത്രം ശ്രമിച്ചാല്‍ അത് നടക്കില്ല. ഈ രോഗിക്കൊപ്പം അവിടെ താമസിക്കുന്ന പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, താഴെ ഇറക്കാന്‍ ആരും സഹായിച്ചില്ല. എല്ലാവരും ഫോണില്‍ വീഡിയോ എടുത്ത് നില്‍ക്കുകയായിരുന്നു. പിന്നീട് താഴെ നിന്ന് ഒരാള്‍ എത്തിയാണ് ഞങ്ങളെ സഹായിച്ചത്. താഴെ എത്തിയപ്പോള്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്താന്‍ പത്ത് മിനിറ്റെങ്കിലും വൈകുമെന്ന് മനസിലായി. രോഗിയുടെ ആരോഗ്യനില വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് റിസപ്ഷനില്‍ നിന്ന് രോഗിയെ ബൈക്കില്‍ കൊണ്ടുപോകാമോ എന്ന് ചോദിക്കുന്നത്. ഞങ്ങള്‍ സമ്മതിച്ചു. പേടിയൊന്നും തോന്നിയില്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയല്ലേ, അതുകൊണ്ട് സന്തോഷത്തോടെ അത് ചെയ്തു,' ഇരുവരും പറയുന്നു. 
 
പുന്നപ്ര പറവൂര്‍ പുത്തന്‍പറമ്പ് കുഞ്ഞുമോന്റെ മകനാണ് ഡിവൈഎഫ്‌ഐ ഭഗവതിക്കല്‍ യൂണിറ്റ് സെക്രട്ടറി കൂടിയായ അശ്വിന്‍ കുഞ്ഞുമോന്‍(23). വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അശ്വിന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. വാടയ്ക്കല്‍ കന്നിട്ടവെളി രജിമോന്റെ മകളായ രേഖ(21)യും ഡിവൈഎഫ്‌ഐ എകെജി യൂണിറ്റ് അംഗമാണ്. ആലപ്പുഴ എംഎല്‍എ എച്ച്.സലാം അടക്കമുള്ളവര്‍ ഇവരെ വിളിച്ച് അഭിനന്ദിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തിറങ്ങാന്‍ സത്യവാങ്മൂലം; അറിയേണ്ടതെല്ലാം