തോറ്റുകൊടുക്കില്ല, തിരിച്ചു വരും: അറ്റ്ലസ് രാമചന്ദ്രൻ
ജീവിതത്തോട് പോരടിച്ച് അറ്റ്ലസ് രാമചന്ദ്രൻ
ജീവിതത്തോട് പോരടിക്കുകയാണ് താനിപ്പോഴെന്ന് അറ്റ്ലസ് രാമചന്ദ്രൻ. തോറ്റു കൊടുക്കില്ലെന്നും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു. ഇതിനായി, സൌദി, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവടങ്ങിലെ ഷോറൂമുകൾ വിപുലീകരിക്കാനാണ് തീരുമാനമത്രേ.
വായ്പ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും തിരിച്ചടവ് ഒരിക്കൽ താമസിച്ചുവെന്നും ഇയാൾ പറയുന്നു. ദൈവത്തോടും ഒപ്പം നിൽക്കുന്ന നല്ലവരായ ആളുകളോടും തീർത്താൽ തീരാത്ത നന്ദി ഉണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.
ദുബായിൽ തടവിലായിരുന്ന രാമചന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് മോചിതനായിരിക്കുന്നത്. ബാങ്ക് ഒഫ് ബറോഡയടക്കം 23 ബാങ്കുകളാണ് കേസ് നൽകിയത്. തുടർന്ന് 2015 ആഗസ്റ്റ് 23ന് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
രാമചന്ദ്രന്‍റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നത്.