ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചു; കൊച്ചിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുല്ലേപടിയിലേക്കുള്ള നിരക്കുമായി ബന്ധപ്പെട്ടാണ് യാത്രക്കാരും ഓട്ടോ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായത്
ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റേതാണ് നടപടി. കോഴിക്കോട് നിന്നെത്തിയ കുടുംബത്തിനാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവറില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുല്ലേപടിയിലേക്കുള്ള നിരക്കുമായി ബന്ധപ്പെട്ടാണ് യാത്രക്കാരും ഓട്ടോ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഓട്ടോ ചാര്‍ജ് 100 രൂപയാകുമെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ അത് കൂടുതല്‍ അല്ലേയെന്ന് ഓട്ടം വിളിച്ച കുടുംബം ചോദിക്കുകയായിരുന്നു. പ്രകോപിതനായ ഓട്ടോ ഡ്രൈവര്‍ 100 രൂപ തരാമെങ്കില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞ് കുടുംബത്തെ അധിക്ഷേപിച്ചെന്നാണ് പരാതി. പിന്നീട് മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോള്‍ 80 രൂപയാണ് നിരക്കെന്നു പറഞ്ഞു. അതില്‍ കയറി പുല്ലേപടിയില്‍ എത്തിയപ്പോള്‍ 46 രൂപയാണ് മീറ്ററില്‍ കാണിച്ചത്. എങ്കിലും 80 രൂപ കൊടുക്കേണ്ടി വന്നെന്നും പരാതിക്കാര്‍ പറയുന്നു. ഓട്ടോക്കാരുടെ പെരുമാറ്റത്തെ കുറിച്ച് കുടുംബം ഗതാഗതമന്ത്രിക്ക് ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പി.സുനില്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവറെ ആര്‍ടി ഓഫീസില്‍ വിളിച്ചുവരുത്തി നടപടിയെടുക്കുകയായിരുന്നു.
സംഭവദിവസം തന്റെ ഓട്ടോ സര്‍വീസ് നടത്തിയിട്ടില്ലെന്ന് ഡ്രൈവര്‍ വാദിച്ചു. എന്നാല്‍ പരാതിക്കാരനെ വീഡിയോ കോളില്‍ വിളിച്ച് ഇത് തന്നെയാണ് ഡ്രൈവര്‍ എന്ന് എംവിഡി സ്ഥിരീകരിച്ചു. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ഗതാഗത നിയമ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.