'കുഞ്ഞിനെ കൊന്നത് അമ്മയുടെ അറിവോടെ'; രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസിൽ ശ്രീതു അറസ്റ്റിൽ
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ റിമാൻഡിലാണ്.
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവും അറസ്റ്റിൽ. കൊലപാതകത്തിൽ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ റിമാൻഡിലാണ്.
കേസിലെ ഒന്നാംപ്രതിയായ ഹരികുമാർ ശ്രീതുവിനെതിരേ മൊഴിനൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ബാലരാമപുരം പൊലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകൾ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടിൽനിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ കിണറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീതുവിന്റെ സഹോദരനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം എവരെയും ഞെട്ടിക്കുന്നതായിരുന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. ഹരികുമാർ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തൽ. എന്നാൽ, വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.