ലാഭവിഹിതം കുറച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ ബാറുകളും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന കേന്ദ്രങ്ങളും ഇന്നുമുതല്‍ അടഞ്ഞുകിടക്കും. മദ്യവില്‍പ്പനയില്‍ നിന്നുള്ള ലാഭവിഹിതം ബവ്‌റിജസ് കോര്‍പറേഷന്‍ എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തിയതോടെയാണ് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ബവ്‌റിജസ് കോര്‍പറേഷന്റെ ലാഭവിഹിതം കൂടിയപ്പോള്‍ തങ്ങളുടെ ലാഭവിഹിതം കുറഞ്ഞെന്നാണ് പരാതി. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കുള്ള ലാഭവിഹിതം എട്ട് ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മദ്യക്കമ്പനികളില്‍ നിന്നു കമ്മിഷന്‍ തട്ടാനാണു വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതെന്നു ബാര്‍ ഉടമകളുടെ സംഘടന ആരോപിക്കുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ സാമ്പത്തിക നഷ്ടം മറികടക്കാന്‍ വേണ്ടിയാണെന്നു ബവ്‌കോ വിശദീകരിക്കുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറല്ല.