ബിനോയ് അവിടെ നിന്നോട്ടെ, നാട്ടിൽ വന്നിട്ട് അത്യാവശ്യമൊന്നുമില്ല: ബിനീഷ് കോടിയേരി
ബിനോയ്ക്കെതിരായ വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം: ബിനീഷ് കോടിയേരി
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായിൽ തടഞ്ഞുവെച്ച സംഭവത്തിൽ വിശദീകരണവുമായി സഹോദരൻ ബിനീഷ് കോടിയേരി. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ട് എന്നും കേസ് ഉണ്ടായിരുന്നു എന്നും വാർത്തകൾ വന്ന സമയത്ത് അയാളുടെ പേരിൽ ഇവയൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ലെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബിനോയിക്ക് യാത്രവിലക്ക് ഏപ്പെടുത്തി ദുബായ് ഭരണകൂടം. ദുബായില്‍ സിവില്‍ കേസ് എടുത്തതോടെയാണ് ചെക്ക് കേസില്‍ യാത്ര വിലക്ക് നിലവില്‍ വന്നത്. ദുബായിലെ ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ബിനോയ് കോടിയേരിക്ക് എതിരായി വരുന്ന പുതിയ മാധ്യമ വാർത്തകളുടെ സത്യാവസ്ഥ ഇതാണ്. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ട് എന്നും കേസ് ഉണ്ടായിരുന്നു എന്നും വാർത്തകൾ വന്ന സമയത്ത് അയാളുടെ പേരിൽ ഇവയൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിയിട്ടുള്ളതും അതിന്റെ രേഖകൾ അന്ന് ഹാജരാക്കിയിട്ടുള്ളതുമാണ്. അന്ന് തന്നെ ബിനോയ് പറഞ്ഞിട്ടുള്ളതാണ് 1 മില്യൺ ദിർഹത്തിന് അതായത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക് സമാനമായ തർക്കമാണ് ഉണ്ടായിരുന്നത് എന്ന്.ആയതിന് 60000 ദിർഹം പിഴയായി അടയ്ക്കുകയും തുടർന്ന് പ്രസ്തുത ക്രിമിനൽ കേസ് റദ്ദാക്കുകയും ചെയ്തു.
ദുബായ് നിയമപ്രകാരം സിവിൽ കേസ് കൊടുക്കുവാൻ എതിർ കക്ഷിയ്ക്ക് അവകാശം ഉണ്ട് . അത് പ്രകാരം അവർ ഫെബ്രു.1 ന് കേസ് ഫയൽ ചെയ്തപ്പോൾ യാത്ര വിലക്ക് ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് ഇപ്പോൾ യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വിധേയമായി തുടർ നിയമ നടപടികൾ ബിനോയ് സ്വീകരിച്ചു വരികയാണ്. ബിനോയ് ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിലേക്ക് പോകുകയോ എയർപോർട്ടിൽ തടഞ്ഞ് വെക്കുകയോ പാസ്പോർട്ട് പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ല . സിവിൽനടപടികൾ നേരിടാൻ സന്നദ്ധനായി തന്നെയാണ് ബിനോയ് ദുബായിൽ തുടരുന്നത് .
ദുബായ് നിയമ വ്യവസ്ഥയനുസരിച്ച് ആണ് കേസിന്റെ കാര്യങ്ങൾ ഇന്നു വരെയും നടന്നു വരുന്നത്. നിയമ നടപടികളെ ഭയന്ന് ബിനോയ് ഒളിച്ചു നടന്നിട്ടുമില്ല. ബിനോയ് കേരളത്തിൽ നിൽക്കുമ്പോൾ യാത്രാവിലക്ക് ഉണ്ടെന്നും ഇന്റർപോൾ അന്വേഷണം ഉണ്ടെന്നും പ്രചരിപ്പിച്ചെങ്കിലും ബിനോയ് സ്വമേധയാ ദുബായിലേക്ക് പോവുകയാണുണ്ടായത്. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് എന്ന് മുറവിളി നടത്തിയിരുന്നവർ ഇപ്പോൾ വെറും ഒരു കോടി 72ലക്ഷം രൂപയുടെ സിവില്‍ വ്യവഹാരം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്കാര്യം മനപ്പൂർവ്വമായി മറച്ചു പിടിക്കുന്നു. തുടക്കത്തിൽ പ്രചരിപ്പിച്ചിരുന്ന ഓഡി കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്.
പ്രായപൂര്‍ത്തിയായ മക്കള്‍ ഉപജീവനത്തിനായി ചെയ്യുന്ന ബിസിനസ്സുകളെ അച്ഛന്റെ സ്വാധീനമുപയോഗിച്ചാണ് ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ മനസിലാക്കേണ്ടത്, ഇത് പൂര്‍ണ്ണമായും രാജ്യത്തിന് പുറത്ത് രണ്ട് വ്യക്തികള്‍ തമ്മിൽ ബിസിനസ്സ് ആവശ്യത്തിനായി കടമെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിലേക്കും മറ്റ് വ്യവഹാരങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടത്.ഇതില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തില്‍ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാര്‍ത്ത പടച്ചുവിട്ടവര്‍ക്കുണ്ട്.
ഒരു വിഷയത്തെ സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകൾ ശരിയല്ല എന്ന് മനസിലായാൽ അത് തിരുത്താനുള്ള മാന്യത കാണിക്കാതെ, കൊടുത്ത വാർത്തയുടെ പുറത്തു കിടന്നുരുളുന്നത് ശരിയല്ല. മാധ്യമ സുഹൃത്തുക്കൾ സ്വയം വിലയിരുത്തലിന് തയ്യാറാവണം.