Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കേരളത്തിലെ നിരവധി പ്രമുഖർ പാർട്ടിയിൽ ചേരുമെന്ന് ബിജെപി; ലക്ഷ്യം 30 ലക്ഷം അംഗങ്ങൾ; അംഗത്വ ക്യാംപെയ്‌ന് ഇന്ന് തുടക്കം

തിരുവനന്തപുരത്തുവെച്ച് സംസ്ഥാനതല കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും.

BJP
, ശനി, 6 ജൂലൈ 2019 (08:01 IST)
ബിജെപിയുടെ ദേശീയതല അംഗത്വ കാമ്പയിന്‍ ഇന്നു തുടങ്ങും. സ്വന്തം മണ്ഡലമായ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരത്തുവെച്ച് സംസ്ഥാനതല കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനം കൂടിയാണിന്ന്.
 
സംസ്ഥാനത്തെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ബിജെപിയില്‍ അംഗങ്ങളാകുമെന്നാണ് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയുമാണ് അംഗത്വം ലഭിക്കുക. കേരളത്തില്‍ നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇത് 30 ലക്ഷം അംഗങ്ങളാക്കി ഉയര്‍ത്താനാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.
 
ഇന്നുതന്നെ ജില്ലാ കാമ്പയിനും ആരംഭിക്കും. നാളെ പാര്‍ട്ടി അംഗത്വ ദിനമായി ആചരിക്കും. അന്ന് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അടക്കം ബൂത്ത് തലത്തിലുള്ള കാമ്പയിനുകളില്‍ പങ്കാളികളാകും. തിങ്കളാഴ്ച വിവിധ മോര്‍ച്ചകളുടെ അംഗത്വ കാമ്പയിനുകള്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെപി ശ്രീശന്‍ അറിയിച്ചു.
 
മതന്യൂനപക്ഷങ്ങൾ‍, പട്ടികവിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് ജനങ്ങളെ ആകര്‍ഷിക്കാനും അംഗങ്ങളാക്കാനുമുള്ള ശ്രമം നടത്തുമെന്ന് ശ്രീശന്‍ വ്യക്തമാക്കി. സര്‍വസ്പര്‍ശിയും സര്‍വവ്യാപിയുമാകണം കാമ്പയിന്‍ എന്ന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാന ഘടകങ്ങള്‍ പാര്‍ട്ടി അംഗത്വം പെരുപ്പിച്ചു കാണിക്കുന്നതു തടയാന്‍ പുതിയ തന്ത്രവുമായി ബിജെപി ദേശീയ നേതൃത്വം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അംഗത്വം എടുക്കുന്നവരുടെ ‘ഓണ്‍ സ്പോട്ട് വേരിഫിക്കേഷന്‍’ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
 
അംഗത്വം എടുക്കുന്നവര്‍ അതിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന ഐഡി പ്രൂഫും അഡ്രസ്സ് പ്രൂഫും നല്‍കണം. അത് വോട്ടര്‍ ഐഡി കാര്‍ഡോ ആധാര്‍ കാര്‍ഡോ ആകാം. അംഗത്വം എടുക്കുന്ന എല്ലാവരെയും വീട്ടില്‍പ്പോയി കണ്ട് ഉറപ്പുവരുത്തുകയും ചെയ്യും.
 
മിസ്ഡ് കോള്‍ അടിച്ച് ബിജെപിയില്‍ അംഗത്വം എടുക്കുന്ന വ്യക്തിയുടെ വിവരം അപ്പോള്‍ത്തന്നെ ബിജെപി തങ്ങളുടെ വെബ്സൈറ്റില്‍ ചേര്‍ക്കും. ഒരിക്കല്‍ മിസ്സ് കോള്‍ അടിക്കുന്ന വ്യക്തിക്ക് നന്ദിസൂചകമായുള്ള സന്ദേശം മിസ്സ് കോള്‍ അടിക്കുന്ന നമ്പരില്‍ എസ്എംഎസായി ലഭിക്കും.
 
ഇനിമുതല്‍ ഈ നമ്പരിലേക്ക് ഔദ്യോഗികമായി വിളിക്കുകയും ആ വ്യക്തിയുടെ ലൊക്കേഷന്‍ മനസ്സിലാക്കി അയാളെ വ്യക്തിപരമായി കാണാന്‍ സംസ്ഥാന നേതൃത്വങ്ങളോട് നിര്‍ദേശിക്കുകയും ചെയ്യും. ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ മാത്രം ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും ഈ പ്രക്രിയക്ക് ഏറെ സമയം എടുക്കുമെന്നും ഒരു മുതിര്‍ന്ന ബിജെപി എംപി പറഞ്ഞതായി ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.
 
അഞ്ച് പോളിങ് ബൂത്തുകളിലെ അംഗത്വത്തിന്റെ ഉത്തരവാദിത്വം ഒരു വിസ്താരകിനായിരിക്കും. ഈ വിസ്താരകരാണ് വീടുകളില്‍പ്പോയി അംഗത്വം ഉറപ്പിക്കേണ്ടത്.രാജ്യത്താകെ 10 ലക്ഷം പോളിങ് ബൂത്തുകളുണ്ട്. അങ്ങനെ വരുമ്പോള്‍ രണ്ടുലക്ഷം വിസ്താരകര്‍ വേണ്ടിവരും. നിലവില്‍ 11 കോടി അംഗങ്ങളാണ് ബിജെപിയിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സ്ഥലംമാറ്റി - സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു