പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
രണ്ട് ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
പാലക്കാട്: മാതാ കോവില്‍ പള്ളിക്ക് മുന്നിലുള്ള മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശം വൃത്തിയാക്കാന്‍ എത്തിയ മുനിസിപ്പല്‍ ജീവനക്കാരാണ് ആദ്യം ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
മുടി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയിരുന്നില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഫോറന്‍സിക് സംഘം എത്തി വിരലടയാളം പരിശോധിക്കും. ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. ശരീരഭാഗങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധനകളും ഡിഎന്‍എയും ഉടന്‍ നടത്തും.