തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി വിജിലന്‍സ് പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യു ആശുപത്രിയിലായി. അറസ്റ്റിനെ തുടര്‍ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അലക്‌സ് മാത്യു തന്നെ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്ന് പരാതിക്കാരനായ മനോജ് പറഞ്ഞു. എറണാകുളം കടവന്ത്രയില്‍ ജോലി ചെയ്യുന്ന അലക്‌സ് മാത്യു പണം വാങ്ങാന്‍ വേണ്ടി മാത്രമാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ഉപഭോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് മാറ്റും എന്നായിരുന്നു ഭീഷണി.
ആദ്യം കൈക്കൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നിരന്തരം പണം ആവശ്യപ്പെട്ടതോടെ മനോജ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2 ലക്ഷം രൂപ വാങ്ങാന്‍ മനോജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയപ്പോള്‍ വിജിലന്‍സ് അലക്‌സിനെ കയ്യോടെ പിടികൂടുകയായിരുന്നു.
മനോജ് നല്‍കിയ പണം കൂടാതെ ഒരുലക്ഷം രൂപ കൂടി അലക്‌സില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തും. തിരുവനന്തപുരത്ത് കൂടാതെ അലക്‌സ് മാത്യുവിന്റെ എറണാകുളത്തെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.