കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന വിജ്ഞാപനം ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കര്‍ശനമായി തടയാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ കഴിയില്ല. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കോണ്‍ട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്. ഇവയുടെ നിര്‍വചനത്തില്‍ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാല്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.