കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക്: ഹൈക്കോടതി വിധിക്കെതിരേ സർക്കാർ നിയമനടപടിക്ക് - എജിയോട് നിയമോപദേശം തേടി
കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക്: ഹൈക്കോടതി വിധിക്കെതിരേ സർക്കാർ നിയമനടപടിക്ക്
കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നിയമനടപടിക്ക്. വിലക്ക് നീക്കാനാണ് സര്‍ക്കാര്‍ കേസിലിടപെടുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുകയോ സുപ്രീകോടതിയിൽ അപ്പീൽ നൽകുകയോ ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുതിർന്ന അഭിഭാഷകരുമായും സർക്കാർ പ്രതിനിധി ചർച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കുക.
കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. വിഷയത്തില്‍ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഏകാഭിപ്രായവും പിന്തുണയും ലഭിക്കുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കോടതിയുടേത് യുക്തിരഹിതമായ അഭിപ്രായ പ്രകടനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് വിമര്‍ശനത്തിന് വിധേയമായത്.