ക്ഷേത്രങ്ങളിലെത്തുന്ന വിശ്വാസികളായ സ്ത്രീകളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മഹിള അസോസിയേഷന് ഈ മേഘലയില്‍ കടന്നുചെല്ലാനാകുന്നില്ലെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മധ്യവര്‍ഗത്തിലേക്ക് പാര്‍ട്ടിക്ക് കൂടുതല്‍ കടന്നുചെല്ലാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ മധ്യവര്‍ഗത്തില്‍ സ്വാധീനമുണ്ടാക്കി. എന്നാല്‍ ഈ മേഖലയില്‍ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ ബംഗാളില്‍ സംഭവിച്ച വീഴ്ച ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും പാര്‍ട്ടി അധികാരകേന്ദ്രം എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ക്ക് പ്രതിരോധിക്കാനായില്ല. രണ്ടാം സര്‍ക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് സിപിഎം വികസന രേഖയില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും ഇതിന്റെ കൃത്യമായ വിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ ഉറപ്പുനല്‍കുന്നു.