ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍
പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.
ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസെടുത്ത് പോലീസ്. പോലീസിനെ ആക്രമിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.
പോലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്. ഷാഫി പറമ്പില്‍ എംപിക്ക് പോലീസ് സംഘര്‍ഷത്തില്‍ മൂക്കിന് പൊട്ടല്‍ ഉണ്ടാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്ത വിവരവും പുറത്തുവരുന്നത്. ഷാഫി പറമ്പിലിനെ പോലീസ് മര്‍ദ്ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
ഷാഫിക്ക് അഞ്ചുദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം പോലീസ് നരനായാട്ടിനു മുന്നില്‍ ഒരു ജനപ്രതിനിധിക്ക് പോലും രക്ഷയില്ലെന്ന് ടി സിദ്ധിക്ക് എംഎല്‍എ പറഞ്ഞു. പോലീസിനെ എല്ലാകാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് ഓര്‍മ്മവേണമെന്നും ടി സിദ്ധിക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം ഷാഫിക്ക് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍ അല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ് പി പറയുന്നത്.