ജെയ്‌നമ്മയെ കൊന്നത് തലയ്ക്കടിച്ച്, ശരീരം കഷണങ്ങളാക്കി കത്തിച്ചു; അന്വേഷണം പുരോഗമിക്കുന്നു
ജെയ്‌നമ്മയെ പള്ളിപ്പുറത്തെ വീട്ടില്‍വെച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം
ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മ കൊലപാതകക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി സി.എം.സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചാണ് ജെയ്‌നമ്മയെ കൊലപ്പെടുത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
ജെയ്‌നമ്മയെ പള്ളിപ്പുറത്തെ വീട്ടില്‍വെച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയില്‍ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കഷണങ്ങളാക്കി കത്തിച്ചു കളഞ്ഞെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളും ഈ നിഗമനത്തിലെത്താന്‍ കാരണമായി.
സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഷണങ്ങളാക്കിയ മൃതദേഹം പലയിടത്തായി കുഴിച്ചിട്ടിട്ടുണ്ടാകുമെന്നും അന്വേഷണസംഘം കരുതുന്നു.
വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. വീട്ടുവളപ്പില്‍ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ല. എങ്കിലും ഇത് ജെയ്‌നമ്മയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. കത്തിക്കരിഞ്ഞ മൃതദേഹ ഭാഗങ്ങളില്‍ നിന്ന് ഡിഎന്‍എ പരിശോധനഫലം ലഭിക്കാന്‍ വൈകുന്നതാണ് മൃതദേഹം ജെയ്‌നമ്മയുടേതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കാത്തതിനു കാരണം.