ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വെട്ടിലായത് കുട്ടികൾ കൂടെയാണ്. സ്കൂളുകൾ വൈകിയേ തുറക്കുകയുള്ളു എന്നറിഞ്ഞപ്പോൾ ആദ്യം അവർ ആഹ്ലാദിച്ചിരുന്നു. എന്നാൽ, ലോക്ക് ഡൗൺ നിലവിൽ വന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ തങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ എന്ന് അവർക്ക് തിരിച്ചറിവുണ്ടായി. നീണ്ട അവധി കിട്ടിയെങ്കിലും പുറത്തുപോലും ഇറങ്ങാന്‍ പറ്റാത്ത വിഷമത്തിലാണ് കുട്ടികള്‍.
വീട്ടിൽ തന്നെ ഇരിക്കുന്നത് രക്ഷിതാക്കള്‍ക്കും തലവേദനയാകുന്നു. പലപ്പോഴും കുട്ടികളെ ഓരോ കാര്യങ്ങള്‍ പറഞ്ഞ് അനുസരിപ്പിക്കാന്‍ നമ്മള്‍ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. മുഴുവന്‍ സമയവും വീട്ടിനുള്ളില്‍ ഇരിക്കേണ്ടി വരുന്നതിനാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന മടി പറഞ്ഞറിയിക്കേണ്ട കാര്യമില്ല.
ഇപ്പോഴിതാ, മകന്റെ മടി മാറ്റാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ ജിയോ ജോബി. ജിയോ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ പതിവ് വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ സംഭാഷണ ശൈലിയില്‍ ശബ്ദം കൊടുത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സംഭാഷണം ഇങ്ങനെയാണ്,
‘ചില കുട്ടികൾ രാവിലെ എഴുന്നേറ്റിട്ട് പല്ലു തേയ്ക്കാണ്ട് ചായകുടിക്കുന്ന ഒരു പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവേ രണ്ടു നേരം കുളിക്കേണ്ടതായിട്ടുണ്ട്. ഇതിന് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്കെതിരേ നിമയനടപടികൾക്ക് ശുപാർശ ചെയ്യും. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് കുട്ടികളുടെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്. ഇത് അനുവദിച്ച് തരാൻ പറ്റുന്നതല്ല. ഇത്തരം കുട്ടികൾക്കെതിരേ പോലീസ് നിയമപരമായി നടപടികൾ സ്വീകരിക്കുന്നതാണ്.' - എന്ന് പോകുന്നു വീഡിയോയിലെ സംഭാഷണങ്ങൾ.
'മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്,ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേർത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു. Francies Louis ആണ് എഡിറ്റ് ചെയ്തത്.ഒരു തമാശയായി ലോക്ക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.എന്ന് കൂടി ജിയോ പറഞ്ഞു വെക്കുന്നു.'